ഡൽഹി: എയർ ഇന്ത്യ വിമാനത്തിന് വീണ്ടും എമർജൻസി ലാൻഡിംഗ്. തിരുവനന്തപുരത്തു നിന്ന് ഡൽഹിയിലേക്കുള്ള വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്.
വിമാനത്തിൽ കെ സി വേണുഗോപാൽ ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള 5 എംപിമാരും ഉണ്ടായിരുന്നു. കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
എയർ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് വിവരം. അതേസമയം, ചെന്നൈയിൽ രണ്ട് തവണ വിമാനം ലാൻഡിംഗിന് ശ്രമിച്ചു. പിന്നീട് ഒരു മണിക്കൂർ പറന്ന ശേഷമാണ് സിഗ്നൽ തകരാർ കണ്ടെത്തിയത്.
രണ്ട് മണിക്കൂറോളം സമയം വിമാനം ചെന്നൈയ്ക്ക് മുകളിൽ പറന്നെന്ന് അടൂർ പ്രകാശ് എംപി പറഞ്ഞു. റഡാർ ബന്ധത്തിൽ തകരാർ ഉണ്ടെന്ന് പൈലറ്റ് അനൗൺസ് ചെയ്തു. ആദ്യം ലാൻഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നതിനാൽ സാധിച്ചില്ല. പിന്നീട് അര മണിക്കൂറിനു ശേഷമാണ് ലാന്റ് ചെയ്യാനായത്. 12 മണിക്ക് ശേഷം മറ്റൊരു വിമാനത്തിൽ ദില്ലിക്ക് പോകാമെന്നു പ്രതീക്ഷയെന്നും 7.45ന് ശേഷമാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടതെന്നും അടൂർ പ്രകാശ് എംപി പറഞ്ഞു. ലാൻഡിംഗിനിടെ വൻ ദുരന്തത്തിൽ നിന്ന് ഒഴിവായെന്ന് കെസി വേണുഗോപാൽ എംപിയും പ്രതികരിച്ചു.
ലാൻഡിംഗിനിടെ വൻ ദുരന്തത്തിൽ നിന്ന് ഒഴിവായെന്ന് കെസി വേണുഗോപാൽ എംപിയും പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം സാങ്കേതിക പ്രശ്നത്തെ തുടർന്നുള്ള മുൻകരുതലിനായാണ് വിമാനം ചെന്നൈക്ക് വഴിതിരിച്ച് വിട്ടതെന്നും അടിയന്തര ലാൻഡിംഗ് നടത്തിയതെന്നും എയർ ഇന്ത്യ വിശദീകരിച്ചു. ചെന്നൈയിൽ വിമാനത്തിന്‍റെ പരിശോധന നടത്തുന്നുവെന്നും പകരം സൗകര്യം സജ്ജമാക്കുമെന്നും എയർഇന്ത്യ വക്താവ് വ്യക്തമാക്കി. എം പിമാരടക്കം 160 പേരുടെയും പരിശോധന പൂർത്തിയായെന്നും ഉടൻ തന്നെ മറ്റൊരു വിമാനത്തിൽ യാത്ര ക്രമീകരിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ വക്താവ് വിവരിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
