തിരുവനന്തപുരം: യുഎസിലുള്ള സ്ത്രീയുടെ തിരുവനന്തപുരത്തെ വീടും വസ്തുവും വ്യാജരേഖ ചമച്ച് തട്ടിയെടുത്തതായി പരാതി. കവടിയാര്‍ ജവഹര്‍ നഗറിലുള്ള ഒന്നരക്കോടിയുടെ വീടും വസ്തുവും വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തതിന് പിന്നില്‍ വന്‍സംഘമാണെന്നും മുഖ്യ ആസൂത്രകന്‍ തിരുവനന്തപുരത്തുള്ള വെണ്ടര്‍ ആണെന്നും പൊലീസ് കണ്ടെത്തല്‍. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനായി പ്രവര്‍ത്തിച്ചതായാണ് വിവരമെന്നും മ്യൂസിയം പൊലീസ് പറഞ്ഞു.
വ്യാജരേഖകള്‍ ചമച്ചതും തട്ടിപ്പ് ആസൂത്രണം ചെയ്തതും വെണ്ടറാണ്. ഇയാള്‍ക്കെതിരായ തെളിവുകള്‍ ലഭിച്ചെന്നും അന്വേഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. തട്ടിയെടുത്ത പണത്തിന്റെ നല്ലൊരു പങ്കും വെണ്ടര്‍ക്കാണ് ലഭിച്ചത്. അമേരിക്കയില്‍ താമസിക്കുന്ന ഡോറ അസറിയ ക്രിപ്‌സിന്റെ ജവാഹര്‍ നഗറിലെ വീടും വസ്തുവും ഡോറ അറിയാതെ വളര്‍ത്തു മകളെന്നു പറഞ്ഞു മെറിന്‍ തട്ടിയെടുത്തെന്നാണ് കേസ്. ഡോറയും മെറിനും പരിചയക്കാരായിരുന്നു. ആള്‍മാറാട്ടം നടത്തി വസ്തു തട്ടിയെടുക്കാനായി ഡോറയുമായി രൂപസാദൃശ്യമുള്ള ഒരാളെ കണ്ടെത്തണമെന്ന് നിര്‍ദേശിച്ചതും ആസൂത്രകനായ വെണ്ടറായിരുന്നു. അങ്ങനെയാണ് കരകുളം സ്വദേശി വസന്തയെ കണ്ടെത്തിയത്. ആധാരവും ആധാര്‍കാര്‍ഡും വ്യാജമായി നിര്‍മിച്ചു. ഡോറയുടെ വീട് ജനുവരിയില്‍ മെറിന്‍ ജേക്കബ് എഴുതിക്കൊടുത്തു. ആ മാസം തന്നെ ചന്ദ്രസേനന്‍ എന്നയാള്‍ക്ക് വസ്തുവിന്റെ വിലയാധാരം എഴുതി നല്‍കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്ത്രീകളെ പണം വാഗ്ദാനം ചെയ്ത് സംഘം തട്ടിപ്പില്‍ പങ്കാളികളാക്കി എന്നാണ് കരുതുന്നത്. എന്നാല്‍ പണം ലഭിച്ചില്ലെന്നാണ് മെറിന്റെ മൊഴി. കൊല്ലം അലയമണ്‍ സ്വദേശി മെറിന്‍ ജേക്കബ് (27), വട്ടപ്പാറ കരകുളം മരുതൂര്‍ ചീനിവിള പാലയ്ക്കാടു വീട്ടില്‍ വസന്ത(76) എന്നിവരാണ് അറസ്റ്റിലായത്. ഡോറ അസറിയ ക്രിപ്സ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും ഡോറയുടെ വളര്‍ത്തു മകളെന്ന വ്യാജേന മെറിന്റെ പേരില്‍ ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തായിരുന്നു തട്ടിപ്പ്.
വസ്തുവിന്റെ മേല്‍നോട്ടത്തിനു ഡോറ ചുമതലപ്പെടുത്തിയിരുന്ന കെയര്‍ടേക്കര്‍ കരം അടക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പിന്നാലെയാണ് പരാതി നല്‍കിയത്.മെറിനെയും വസന്തയെയും ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. പിടിയിലായ സ്ത്രീകള്‍ക്ക് വ്യാജരേഖ ഉള്‍പ്പെടെ ഉണ്ടാക്കാന്‍ വലിയതോതില്‍ സഹായം കിട്ടിയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജനുവരിയിലാണ് അമേരിക്കയിലുള്ള ഡോറ അറിയാതെ വീടും സ്ഥലവും രജിസ്ട്രേഷന്‍ നടത്തിയത്
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
