കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍. നിര്‍മ്മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെയും അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി മൂവരേയും വിട്ടയച്ചു. മരട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സിനിമയുടെ 40ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. അരൂര്‍ സ്വദേശി സിറാജ് വലിയതുറയാണ് പരാതി നല്‍കിയത്. അതേസമയം സൗബിന്‍ ഉള്‍പ്പടെയുള്ളവര്‍ കേസിന്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
പരാതിക്കാരന് താന്‍ പണം മുഴുവനും നല്‍കിയതാണ്. എന്നാല്‍ ലാഭവിഹിതം നല്‍കിയില്ല. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഹൈക്കോടതി കേസ് പരിഗണിച്ചപ്പോള്‍ സാമ്പത്തിക തട്ടിപ്പിന് പ്രതികള്‍ക്കെതിരെ തെളിവുണ്ടെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും പൊലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
