റിയാദ്: സൗദി അറേബ്യയിലെ ആരോഗ്യരംഗത്ത് സ്വദേശിവത്കരണ തോത് ഉയര്‍ത്തുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ എക്‌സ്‌റേ, ന്യൂട്രീഷ്യന്‍, ഫിസിയോതെറാപ്പി, ലബോറട്ടറി എന്നീ ജോലികളില്‍ നിശ്ചിത ശതമാനം സൗദി പൗരരെ നിയമിക്കല്‍ നിര്‍ബന്ധമാക്കുന്നതാണ് ആദ്യ ഘട്ടം. ഏപ്രില്‍ 17 മുതല്‍ നിയമം പ്രാബല്യത്തിലായി. ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് നടപടിയെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
എക്‌സറേ (65 ശതമാനം), ന്യൂട്രീഷ്യന്‍ (80 ശതമാനം), ഫിസിയോതെറാപ്പി (80 ശതമാനം), മെഡിക്കല്‍ ലബോറട്ടറികള്‍ (70 ശതമാനം) എന്നിങ്ങനെയാണ് സ്വദേശിവത്കരണ തോത്. ഈ ശതമാനത്തില്‍ മേഖലകളില്‍ സ്വദേശി ജീവനക്കാരെ നിയമിക്കണം. ഒരു സ്ഥാപനത്തില്‍ 10 ലബോറട്ടറി ജീവനക്കാരുണ്ടെങ്കില്‍ അതില്‍ ഏഴ് പേരും സ്വദേശികളായിരിക്കണം. സ്‌പെഷ്യലിസ്റ്റിന്റെ ഏറ്റവും കുറഞ്ഞ വേതനം 7,000 റിയാലും ടെക്‌നീഷ്യന്റേത് 5,000 റിയാലുമായിരിക്കും.
റിയാദ്, മക്ക, മദീന, ജിദ്ദ, ദമ്മാം, അല്‍ ഖോബാര്‍ എന്നീ പ്രധാന നഗരങ്ങളിലെ ഒന്നോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന മുഴുവന്‍ സ്ഥാപനങ്ങളും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള വന്‍കിട ആരോഗ്യ സ്ഥാപനങ്ങളുമാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഈ വര്‍ഷം ഒക്ടോബര്‍ 17ന് നടപ്പാകും. അവശേഷിക്കുന്ന പ്രദേശങ്ങളിലെ ചെറുതും വലുതുമായ എല്ലാ സ്ഥാപനങ്ങളും ഈ ഘട്ടത്തില്‍ ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഈ നാല് ആരോഗ്യ തൊഴിലുകളിലെ സൗദിവല്‍ക്കരണം മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചത്. തൊഴില്‍ വിപണിയില്‍ തദ്ദേശീയരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും തൊഴില്‍ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും ലക്ഷ്യമിട്ട് ഇരു മന്ത്രാലയങ്ങളും ചേര്‍ന്ന് എടുത്തതാണ് തീരുമാനം. ആരോഗ്യമേഖലയെ സ്വദേശിവല്‍ക്കരിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണിത്.
തീരുമാനത്തിന്റെ വിശദാംശങ്ങളും ആവശ്യമായ സ്വദേശിവത്കരണ അനുപാതങ്ങളും വ്യക്തമാക്കുന്നതിന് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നടപടി ക്രമങ്ങളുടെ വിശദാംശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കും സ്വദേശികള്‍ക്കുള്ള തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കുമേല്‍ പിഴ ഉള്‍പ്പടെയുള്ള ശിക്ഷാ നടപടിയുണ്ടാകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
