കൊച്ചി: ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. എന്‍ഡിപിഎസ് സെക്ഷന്‍ 27, 29 പ്രകാരമാണ് നിലവില്‍ കേസ്. ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, ലഹിരി ഉപയോഗത്തില്‍ പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ഷൈനെതിരെ ചുമത്തിയിട്ടുള്ളത്. വൈദ്യ പരിശോധനയ്ക്കായി നടനെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നഖം, മുടി, രക്തം എന്നിവ പരിശോധിക്കും.
നിലവില്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിട്ടുള്ളത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, വിദഗ്ധ നിയമോപദേശം കൂടി തേടിയ ശേഷമാണ് ഷൈനെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നു കാര്യവും ഇപ്പോള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഷൈന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസ് എടുത്തിട്ടുള്ളത്. തുടക്കത്തില്‍ പിടിച്ച് നിന്നെങ്കിലും പൊലീസിന്റെ തുടര്‍ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഷൈന്‍ ടോം ചാക്കോ പതറുകയായിരുന്നു. ഒപ്പം ഷൈന്റെ ഫോണ്‍ കോളുകളും നിര്‍ണായകമായി. വാട്‌സ് ആപ്പ് ചാറ്റും ഗുഗിള്‍ പേ ഇടപാടുകള്‍ അടക്കം പരിശോധിച്ചപ്പോള്‍ ഷൈനെതിരെ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളതെന്നാണ് സൂചന.
ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഓടിയതുമായി ബന്ധപ്പെട്ടാണ് ഷൈനെ പൊലീസ് ചോദ്യം ചെയ്തത്. ഡോര്‍ ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ടത് കുറച്ച് തടിമാടന്‍മാരെയാണ് കണ്ടതെന്നും മസിലുള്ള കുറച്ച് പേരെ ഒന്നിച്ച് കണ്ടപ്പോള്‍ പേടിച്ച് പോയി എന്നുമാണ് നടന്‍ മൊഴി നല്‍കിയത്. പലരുമായും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ശത്രുകള്‍ ഉണ്ട്, ഗുണ്ടകള്‍ അപായപ്പെടുത്താന്‍ വന്നതാണെന്ന് കരുതി. മസിലുള്ള കുറച്ച് പേരെ കണ്ടപ്പോള്‍ പേടിച്ചു. അങ്ങനെയാണ് ഇറങ്ങി ഓടിയത്. ചാടിയപ്പോള്‍ ഭയം തോന്നിയില്ല. ജീവന്‍ രക്ഷിക്കുക എന്നത് മാത്രമായിരുന്നു ആ നേരത്തെ ചിന്ത. ചാട്ടത്തില്‍ പരിക്കൊന്നും സംഭവിച്ചില്ലെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി. പൊലീസിന്റെ കബളിപ്പിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും ഷൈന്‍ പറഞ്ഞതായാണ് വിവരം.
എന്നാല്‍ ലഹരി പരിശോധന ഫലം നിര്‍ണായകമാണ്. നിലവില്‍ ചുമത്തിയ രണ്ട് കുറ്റങ്ങളും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. ഷൈന്റെ കൈവശം ലഹരിയൊന്നും കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ ശാസ്ത്രീയ പരിശോധന ഫലം അതിനിര്‍ണായകമാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
