ദുബായ്: ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നാളെ ഇന്ത്യയിലെത്തും. അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണ പ്രകാരം രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ശൈഖ് ഹംദാന്‍ ഇന്ത്യയിലെത്തുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനും വിവിധ തന്ത്രപരമായ മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികള്‍ മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച ചെയ്യും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായും കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളിലെയും ബിസിനസ് നേതാക്കള്‍ പങ്കെടുക്കുന്ന ബിസിനസ് വട്ടമേശ സമ്മേളനത്തിലും ശൈഖ് ഹംദാന്‍ പങ്കെടുക്കും. നാളെ അദ്ദേഹത്തിന് പ്രധാനമന്ത്രി ഔദ്യോഗിക ഉച്ചഭക്ഷണ വിരുന്ന് ഒരുക്കിയിട്ടുണ്ട്. ദ്വിദിന സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ശൈഖ് ഹംദാന്‍ മുംബൈയും സന്ദര്‍ശിക്കും.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 8ന് അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. സെപ്റ്റംബര്‍ 9ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ അദ്ദേഹം രാജ്ഘട്ടും സന്ദര്‍ശിച്ചിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
