41 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്താനൊരുങ്ങി ട്രംപ്

donald trump al

വാഷിങ്ടന്‍: 41 രാജ്യങ്ങിലെ പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ യുഎസ് ഭരണകൂടം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. രാജ്യങ്ങളെ മൂന്നു ഗ്രൂപ്പുകളാക്കി തിരിച്ച് വിലക്ക് ഏര്‍പ്പെടുത്താനാണ് നീക്കം. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ക്യൂബ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്കുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

യുഎസിന്റെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 10 രാജ്യങ്ങളിലെ പൗരന്മാരെയാണ് യാത്രവിലക്ക് ഗുരുതരമായി ബാധിക്കുക. അഫ്ഗാനിസ്ഥാന്‍, ക്യൂബ, ഇറാന്‍, ലിബിയ, ഉത്തര കൊറിയ, സൊമാലിയ, സുഡാന്‍, സിറിയ, വെനസ്വേല, യെമന്‍ എന്നീ രാജ്യങ്ങളാണ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് യുഎസ് പൂര്‍ണമായും നിര്‍ത്തലാക്കും. ഇത് യുഎസില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെയും ദോഷകരമായി ബാധിക്കും.

ഓറഞ്ച് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട 5 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യുഎസിലേക്കു യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാന്‍മര്‍, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെടുക. ഈ രാജ്യങ്ങളില്‍ നിന്നുള്ള ബിസിനസുകാര്‍ക്ക് യുഎസ് വീസ അനുവദിക്കും. അതേസമയം ടൂറിസം, വിദ്യാഭ്യാസം എന്നിവയ്ക്ക് എത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.

യെല്ലോ വിഭാഗത്തിലുള്ള 26 രാജ്യങ്ങളാണ് മൂന്നാമത്തെ പട്ടികയിലുള്ളത്. അംഗോള, ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, ബെലാറുസ്, ഭൂട്ടാന്‍, ബെനിന്‍, ബുര്‍ക്കിന ഫാസോ, കംബോഡിയ, കാമറൂണ്‍, കേപ് വെര്‍ഡെ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഡിആര്‍ കോംഗോ, ഡൊമിനിക്ക, ഇക്വറ്റോറിയല്‍ ഗിനിയ, ഗാംബിയ, ലൈബീരിയ, മലാവി, പാകിസ്താന്‍, മൗറിറ്റാനിയ, സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, സെന്റ് ലൂസിയ, സാവോ ടോം ആന്‍ഡ് പ്രിന്‍സിപ്പെ, സിയേറ ലിവോണി, ഈസ്റ്റ് തിമൂര്‍, തുര്‍ക്ക്മെനിസ്താന്‍, വാനവാട്ടു എന്നീ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ രാജ്യങ്ങള്‍ 60 ദിവസത്തിനകം സുരക്ഷ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വിലക്ക് ഏര്‍പ്പെടുത്തും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like