മുംബൈ: മഹാരാഷ്ട്രയിലെ ബരാമതിയില്‍ ഉണ്ടായ വിമാനാപകടത്തില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ദാരുണാന്ത്യം. അജിത് പവാര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവര്‍ക്കും ജീവന്‍ നഷ്ടമായതായാണ് വിവരം. ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനം തകര്‍ന്നുവീണ് പൊട്ടിത്തെറിക്കുകയായിരുന്നു. അജിത് പവാര്‍, അദ്ദേഹത്തിന്റെ സഹായി പിങ്കി മാലി, സുരക്ഷാ ഉദ്യോഗസ്ഥന്‍ വിധിപ് ജാദവ്, ക്യാപ്റ്റന്‍ സുമിത്ത് കപൂര്‍ (പൈലറ്റ് ഇന്‍ കമാന്‍ഡ്), ക്യാപ്റ്റന്‍ സംഭവി പതക് (ഫസ്റ്റ് ഓഫീസര്‍) എന്നിവരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ലിയര്‍ജെറ്റ് 45 എന്ന ചെറു വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബോംബാര്‍ഡിയര്‍ എയ്റോസ്പേസ് നിര്‍മ്മിച്ച ലോകപ്രശസ്തമായ ബിസിനസ് ജെറ്റാണ് ലിയര്‍ജെറ്റ് 45. അജിത്ത് പവാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള അനുശോചിച്ചു.പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി സംസാരിച്ചു. അപകട കാരണം കണ്ടെത്താന്‍ ഡിജിസിഎ അന്വേഷണവും ആരംഭിച്ചു.
2024 ഡിസംബര്‍ 5 മുതല്‍ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായി തുടരുന്ന മുതിര്‍ന്ന എന്‍സിപി നേതാവാണ് അജിത് പവാര്‍. എട്ട് തവണ നിയമസഭാംഗമായി. അഞ്ച് തവണ ഉപ മുഖ്യമന്ത്രി, അഞ്ച് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരു തവണ ലോക്സഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുതിര്‍ന്ന എന്‍സിപി നേതാവായ ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പൂനൈ ജില്ലയിലെ ബരാമതിയില്‍ 1959 ജൂലൈ 22നാണ് ജനനം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
