കൊല്ലം: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ സ്ത്രീയെ അമ്പലപ്പുഴയില്‍ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മി(48)യെ ആണ് കഴിഞ്ഞ ആറാം തീയതി മുതല്‍ കാണാതായത്. സംഭവത്തില്‍ വിജയലക്ഷ്മിയുമായി അടുപ്പമുണ്ടായിരുന്ന കരൂര്‍ സ്വദേശി ജയചന്ദ്രന്‍ എന്നയാളെ പൊലീസ് കസ്റ്റഡയിലെടുത്തു.
യുവതിയെ കൊന്നു കുഴിച്ചുമൂടി എന്ന് ജയചന്ദ്രന്‍ പോലീസിന് മൊഴി നല്‍കി. വിജയലക്ഷ്മിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയത് ബന്ധുവാണ്. ജയചന്ദ്രനും ആയി വിജയലക്ഷ്മി അടുത്ത സൗഹൃദത്തില്‍ ആയിരുന്നു. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താന്‍ കാരണമെന്നും ജയചന്ദ്രന്റെ മൊഴിയിലുണ്ട്.
സംഭവത്തില്‍ എഫ്‌ഐആറിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിജയലക്ഷ്മിയെ നവംബര്‍ ഏഴിന് പുലര്‍ച്ചെയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്. വിജയലക്ഷ്മി പ്രതിയുടെ സാന്നിധ്യത്തില്‍ മറ്റൊരാളോട് ഫോണില്‍ സംസാരിച്ചതിലുള്ള വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്നും എഫ്‌ഐആറിലുണ്ട്. പ്രതിയുടെ അമ്പലപ്പുഴ കരൂര്‍ ഉള്ള വീട്ടില്‍ വെച്ചാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് അവിടെ മൃതദേഹം കുഴിച്ചിട്ടു. മൃതദേഹം കുഴിച്ചിടുന്നതിന് മുമ്പ് പ്രതി വിജയലക്ഷ്മിയുടെ ആഭരണങ്ങള്‍ കൈക്കലാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു.
യുവതിയുടെ മൊബൈല്‍ ഫോണ്‍ ജയചന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ്സില്‍ ഉപേക്ഷിച്ചതാണ് പോലീസിന് സംശയത്തിന് ഇടയാക്കിയത്. കാണാതായ യുവതിയുടെ മൊബൈല്‍ ഫോണ്‍ എറണാകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് കണ്ടെത്തുന്നത്. കണ്ടക്ടറാണ് മൊബൈല്‍ ഫോണ്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ കൈമാറിയത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതില്‍ നിന്നാണ് ജയചന്ദ്രനിലേക്ക് എത്തിയത്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
