ഡെന്‍വര്‍: യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ വിമാനത്തില്‍ തീ പടര്‍ന്നു. ഉടന്‍ തന്നെ അടിയന്തരമായി വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. അമേരിക്കയിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യാനൊരുങ്ങിയ വിമാനത്തിലാണ് സംഭവം. 108 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ബോയിങ് 737-700 വിമാനത്തിലാണ് തീ പടര്‍ന്നത്.
വിമാനം ടേക്ക് ഓഫിന് ഒരുങ്ങുന്നതിനിടെ യാത്രക്കാരന്റെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി കത്തുകയായിരുന്നു. ഇതില്‍ നിന്നുയര്‍ന്ന തീ വിമാനത്തിന്റെ സീറ്റിലേക്ക് പടര്‍ന്നു. സീറ്റില്‍ തീ ആളിപ്പടര്‍ന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരായതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ പരിഭ്രാന്തരായി നടക്കുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
വിമാനത്തിന്റെ പിന്‍ഭാഗത്ത് ഉണ്ടായിരുന്ന യാത്രക്കാരെ എമര്‍ജന്‍സി എക്‌സിറ്റ് വഴിയും മുന്നിലുണ്ടായിരുന്നവരെ ജെറ്റ് ബ്രിഡ്ജ് വഴിയും പുറത്തേക്ക് ഇറക്കിയതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സും സ്ഥിരീകരിച്ചു. ഒഴിപ്പിക്കലിനിടെ ഒരു യാത്രക്കാരന് നിസ്സാര പരിക്കേറ്റു. ഫോണിന്റെ ഉടമയായ യാത്രക്കാരന് തീപിടിത്തത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. ഇയാള്‍ക്ക് ചികിത്സ ലഭ്യമാക്കി. വളരെ പെട്ടെന്ന് നടപടിയെടുത്ത ക്രൂ അംഗങ്ങള്‍ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. തീ നിയന്ത്രണവിധേയമാക്കി. മറ്റ് പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പിന്നീട് മൂന്ന് മണിക്കൂറിന് ശേഷം വിമാനം യാത്ര തുടര്‍ന്നു. ഹൂസ്റ്റണിലെ വില്യം പി ഹോബി എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി എത്തിച്ചേരുകയും ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
