മസ്‌കത്ത്: ഒമാനില്‍ ചാരിറ്റബിള്‍ ഫണ്ട് ശേഖരണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നു. ഇതിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കി. സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് തീരുമാനം. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം, ഏതെങ്കിലും ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് സ്വകാര്യ സ്ഥാപനങ്ങള്‍ മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് നേടിയിരിക്കണം.
അഡ്മിനിസ്‌ട്രേറ്റീവ്, മറ്റ് പൊതു നിയമ സ്ഥാപനങ്ങള്‍ സ്ഥാപിച്ച കമ്മിറ്റികള്‍, സ്ഥാപനങ്ങള്‍, ഫണ്ടുകള്‍ എന്നിവയിലേക്കുള്ള ധനസമാഹരണത്തിന് ലൈസന്‍സ് ബാധകമല്ല. ഓര്‍ഗനൈസേഷനിലൂടെയുള്ള ചാരിറ്റബിള്‍ ആവശ്യങ്ങള്‍ക്ക് മാത്രമേ ലൈസന്‍സുകള്‍ അനുവദിക്കൂ എന്ന് തീരുമാനത്തില്‍ വ്യവസ്ഥ ചെയ്യുന്നു. വ്യക്തിഗത ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിരോധിച്ചിരിക്കുന്നു. കൂടാതെ, ധനസമാഹരണം സ്ഥാപിത ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൃത്യമായി അധികൃതരുടെ മേല്‍നോട്ടം ഉണ്ടാകും.
പാര്‍ട്ടികള്‍, എക്‌സിബിഷനുകള്‍, ചാരിറ്റി മാര്‍ക്കറ്റുകള്‍, സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ക്കുള്ള ഫണ്ട് ശേഖരണത്തിനും വ്യവസ്ഥകളുണ്ട്. സംഭാവനകള്‍ക്കായി ഓര്‍ഗനൈസേഷനുകള്‍ക്ക് ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാനാകും. വൗച്ചറുകള്‍, മൊബൈല്‍ ഫോണുകള്‍ വഴിയുള്ള ഹ്രസ്വ സന്ദേശ സേവനങ്ങള്‍, ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങള്‍ എന്നിവയിലൂടെയും ധനസമാഹരണം നടത്താം. കൂടാതെ, കമ്മ്യൂണിറ്റി സംഭാവനകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വസ്ത്രങ്ങള്‍ സംഭാവന ചെയ്യുന്ന പൊതുസ്ഥലങ്ങളില്‍ കളക്ഷന്‍ ബോക്‌സുകളും സ്ഥാപിക്കാം.
അതേസമയം സാമ്പത്തിക ഇടപാടുകളില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കിക്കൊണ്ട് ഓരോ ധനസമാഹരണ രീതിക്കും കൃതമയായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ട്. ഫണ്ട് റൈസിംഗ് കാമ്പെയ്നിന് ശേഷം 15 പ്രവൃത്തി ദിവസത്തിനുള്ളില്‍ ശേഖരണ വരുമാനത്തെയും ചെലവുകളെയും കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഓര്‍ഗനൈസേഷനുകള്‍ സമര്‍പ്പിക്കണം. മന്ത്രാലയത്തിന്റെ അനുമതിക്ക് വിധേയമായി എന്തെങ്കിലും മാറ്റങ്ങളോടെ, ഉദ്ദേശിച്ച ആവശ്യങ്ങള്‍ക്ക് മാത്രമായി ഫണ്ടുകള്‍ വിനിയോഗിക്കണം.
സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിന്, ഓരോ ലൈസന്‍സുള്ള സ്ഥാപനവും കുറഞ്ഞത് പത്ത് വര്‍ഷത്തേക്ക് എല്ലാ ധനസമാഹരണ പ്രവര്‍ത്തനങ്ങളുടെയും സാമ്പത്തിക ഇടപാടുകളുടെയും ഇലക്ട്രോണിക് റെക്കോര്‍ഡ് സൂക്ഷിക്കണം. നിയമലംഘനങ്ങള്‍ക്ക് 10 ഒമാനി റിയാല്‍ മുതല്‍ 500 ഒമാനി റിയാല്‍ വരെ പിഴയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യല്‍, ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് ലൈസന്‍സുകള്‍ റദ്ദാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
