ദോഹ: ഖത്തറില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ജോലിയില്‍ പ്രവേശിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ പൊതുജനാരോഗ്യ മന്ത്രാലയം നടപടി കര്‍ശനമാക്കുന്നു. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ രേഖകള്‍ സമര്‍പ്പിച്ച് രാജ്യത്തെ ആരോഗ്യ മേഖലയില്‍ ജോലിചെയ്യുന്ന ഹെല്‍ത്ത് പ്രാക്ടീഷണര്‍മാരെ ജോലിയില്‍ നിന്ന് വിലക്കും. ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന രാജ്യത്തിന് പുറത്തെ ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങള്‍ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്നതിന് ലൈസന്‍സ് ലഭിക്കുന്നതിനായി തെറ്റിദ്ധരിപ്പിക്കുന്ന രേഖകള്‍ ഹാജരാക്കിയ 83 ഹെല്‍ത്ത് പ്രാക്ടീഷണര്‍മാരെ കണ്ടെത്തിയതായും മന്ത്രാലയം വ്യക്തമാക്കി. ഇവര്‍ക്ക് രാജ്യത്തെ ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്നതില്‍ കര്‍ശന വിലക്കേര്‍പ്പെടുത്തുകയും വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്തു.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും സ്‌പെഷ്യലൈസേഷനുകളിലും നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് കെയര്‍ വിഭാഗം ഡയറക്ടര്‍ ഡോ. സാദ് അല്‍ കാഹി പറഞ്ഞു. വിശ്വാസയോഗ്യമല്ലാത്ത സ്ഥാപനങ്ങളില്‍ നിന്നുള്ള അക്കാദമിക് യോഗ്യതകളില്‍ കൃത്രിമം കാണിച്ച സംഭവങ്ങളും യോഗ്യതാ പരീക്ഷകളില്‍ (പ്രോമെട്രിക്) തെറ്റിദ്ധരിപ്പിക്കുന്ന ഫലങ്ങളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
