മക്ക: ഇത്തവണത്തെ ഹജ്ജ് സീസണിന് ഔദ്യോഗിക തുടക്കമായി. ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള തീര്‍ത്ഥാടകരുടെ സംഘം സൗദിയില്‍ എത്തിത്തുടങ്ങി. തീര്‍ത്ഥാടകര്‍ക്കായി ഇത്തവണ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തീര്‍ത്ഥാടകരുടെ യാത്രകള്‍ക്കായി പറക്കും ടാക്‌സികളും ഡ്രോണുകളും ഉള്‍പ്പെടെയുള്ള നൂതന സംവിധാനങ്ങള്‍ സജ്ജീകരിക്കുമെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് അല്‍ ജാസര്‍ അറിയിച്ചു. ഇത്തവണത്തെ ഹജ്ജ് സീസണില്‍ 40 ദശലക്ഷത്തിലധികം കുപ്പി സംസം വെള്ളം തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യുമെന്ന് സംസം കമ്പനി അധികൃതരും വ്യക്തമാക്കി. ഓരോ തീര്‍ത്ഥാടകനും 22 ബോട്ടിലുകള്‍ വീതം അനുവദിക്കും. ഏറ്റവും പുതിയ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സംസം വെള്ളം ഓര്‍ഡര്‍ ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പ്രക്രിയ സുഗമമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം ഹജ്ജ് തീര്‍ത്ഥാടനത്തിനായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തിയതിന് രണ്ട് പ്രവാസികളെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യന്‍ സ്വദേശികളാണ് അറസ്റ്റിലായതെന്നാണ് വിവരം. പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും ഹജ്ജ് തീര്‍ഥാടകര്‍ക്ക് പാര്‍പ്പിടം നല്‍കുന്നുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പരസ്യം നല്‍കിയെന്നാണ് കുറ്റം. പ്രതികളെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും സൗദി പോലീസ് അറിയിച്ചു.
