റിയാദ്: സൗദി അറേബ്യയില്‍ ഹജ്ജ് സീസണിലെ കരാര്‍ ജോലികള്‍ക്കായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പുതിയ സേവനം ആരംഭിച്ചു. കരാര്‍ ജോലികള്‍ക്കുള്ള അപേക്ഷകള്‍ക്കായി ‘അജീര്‍ അല്‍-ഹജ്ജ്’ എന്ന പേരിലാണ് മന്ത്രാലയം പുതിയ സേവനം ആരംഭിച്ചത്. ഹജ്ജ് വേളയിലെ സീസണല്‍ തൊഴിലവസരങ്ങളില്‍ താല്‍പ്പര്യമുള്ള സൗദി പൗരന്മാരും താമസക്കാരും ‘അജീര്‍’ പ്ലാറ്റ്ഫോമിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്നും അതോറിറ്റി അറിയിച്ചു. പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് നടപടി.
തൊഴിലന്വേഷകരെ തൊഴിലുടമകളുമായി ബന്ധിപ്പിക്കുന്ന ഒരു പാലമായി ഈ പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കും. അതേസമയം സീസണല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്ക് സ്ഥാപനങ്ങള്‍ ഹജ്ജ് പെര്‍മിറ്റ് നല്‍കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. നിബന്ധനകള്‍ ലംഘിക്കുന്നവര്‍ നിയമം അനുശാസിക്കുന്ന പിഴകള്‍ നല്‍കേണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
