മസ്കത്ത്: മസ്കത്തില് പൊതുസ്ഥലങ്ങളില്‍ പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനെതിരെ മുനിസിപ്പാലിറ്റി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. പൊതുസ്ഥലങ്ങളില്‍ പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നത് നിര്‍ത്തണമെന്നാണ് നിര്‍ദേശം. പൊതുസ്ഥലങ്ങളില്‍ പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നത് ആരോഗ്യപരമായ അപകടങ്ങള്‍ക്ക് പുറമെ സാമ്പത്തിക ബാധ്യതകള്‍ക്ക് കാരണമാകുമെന്നും മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടാണ് നടപടി.
‘പക്ഷികളുടെ കാഷ്ഠം രോഗങ്ങള്‍ക്ക് കാരണമാകുകയും ദുര്‍ഗന്ധം സൃഷ്ടിക്കുകയും ചെയ്യും. പ്രാണികളുടെയും പരാന്നഭോജികളുടെയും പ്രജനന കേന്ദ്രങ്ങള്‍ വളര്‍ത്താന്‍ കാരണമാകും. അതേസമയം കെട്ടിടങ്ങള്‍ക്കും നടപ്പാതകള്‍ക്കും തെരുവുകള്‍ക്കും കേടുപാടുകള്‍ വരുത്തും. ശുചീകരണം, പരിപാലനം, കീടനിയന്ത്രണ കരാറുകള്‍ എന്നിവയ്ക്കുള്ള സാമ്പത്തിക ചെലവുകള്‍ വര്‍ധിപ്പിക്കുമെന്നും മുനിസിപ്പാലിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.
