തിരുവനന്തപുരം: 2024 മേയ് 16 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.
അപേക്ഷകർക്ക് സ്വന്തമായോ ,അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രദേശത്തെ സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം.
അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 25 ആണ്.
ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ
ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ് 29
ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 5
രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 12
മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂൺ 19
മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2024 ജൂൺ 24 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും. ശേഷം പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2024 ജൂലൈ 31 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.
പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പതിനാല് (14) മോഡൽ റസിഡൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. പ്രസ്തുത സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് നിർദ്ദിഷ്ട പ്രവേശന ഷെഡ്യൂൾ പ്രകാരം അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കുന്നതാണ്.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്,കണ്ണൂർ,കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 % മാർജിനൽ സീറ്റ് വർദ്ധനവ് . തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്,കണ്ണൂർ,കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 % കൂടി മാർജിനൽ സീറ്റ് വർദ്ധനവ്. കൊല്ലം, എറണാകുളം ,തൃശ്ശ്യൂർ എന്നീ മൂന്ന് ജില്ലകളിൽ എല്ലാ സർക്കാർ ,എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ ,എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്
മറ്റ് മൂന്ന് ജില്ലകളായ പത്തനംതിട്ട , കോട്ടയം , ഇടുക്കി എന്നീ ജില്ലകളിൽ മാർജിനൽ സീറ്റ് വർദ്ധനവ് ഇല്ല.
2022-23 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും കൂടി ചേർന്ന 81 ബാച്ചുകളും 2023-24 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഈ വർഷം കൂടി തുടരും .
