ഫുജൈറയിലെ ജനവാസ മേഖലയ്ക്ക് സമീപം കാട്ടുമൃഗത്തെ കണ്ടതായി റിപ്പോര്‍ട്ട് : ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

img 20240507 wa0034

യുഎഇ: ഫുജൈറയിലെ ജനവാസ മേഖലയായ മസാഫി പ്രദേശത്തിന് സമീപം ഒരു കാട്ടുമൃഗത്തെ കണ്ടതായി റിപ്പോര്‍ട്ട്. മൃഗം റോഡിലൂടെ അലഞ്ഞുതിരിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ സ്ഥിതിഗതികള്‍ പരിശോധിച്ചുവരികയാണെന്നും ജാഗ്രത പാലിക്കണമെന്നും പരിസ്ഥിതി അതോറിറ്റി അറിയിച്ചു.

ഫുജൈറ പരിസ്ഥിതി വകുപ്പില്‍ നിന്നുള്ള ഒരു സ്‌പെഷ്യലിസ്റ്റ് സംഘം മൃഗത്തെ കണ്ട സ്ഥലത്ത് പരിശോധന നടത്തുകയാണ് . ഇരയെ പിടിക്കാന്‍ വായുവിലേക്ക് 10 അടി ഉയരത്തില്‍ ചാടാന്‍ കഴിയുന്ന ഇടത്തരം കാട്ടുപൂച്ചയാണ് ചിത്രത്തിലുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. ‘അല്‍ വാഷ്‌ക്’ എന്നും കാരക്കല്‍ എന്നും ഈ മൃഗം അറിയപ്പെടുന്നു. 

നിലവില്‍ ഏതെങ്കിലും വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണോ അതോ അലഞ്ഞുതിരിയുന്ന മൃഗമാണോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അതോറിറ്റി. ആരുടെയെങ്കിലും ഉടമസ്ഥതയിലുള്ളതാണെന്ന് തെളിഞ്ഞാല്‍, വ്യക്തിക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും അതോറിറ്റി അറിയിച്ചു.

ഇത്തരം മൃഗങ്ങളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും അധികൃതര്‍ പൊതുജനങ്ങളോട് നിര്‍ദേശിച്ചു. വന്യമൃഗങ്ങളെക്കുറിച്ചോ അത്തരം സംഭവങ്ങളെയോ സംബന്ധിച്ച വിവരങ്ങള്‍ അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പറായ 800368-ല്‍ അറിയിക്കണമെന്നും അതോറിറ്റി നിര്‍ദ്ദേശം നല്‍കി.

നേരത്തെ, എമിറേറ്റില്‍ കടുവ വിഹരിക്കുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. 2021ലാണ് യുഎഇയില്‍ അവസാനമായി ഒരു വന്യമൃഗം അലഞ്ഞുതിരിയുന്നതായി സ്ഥിരീകരിച്ചത്.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading