അഹമ്മദാബാദ്: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടി. ടീമില്‍ വിക്കറ്റ് കീപ്പറായാണ് സഞ്ജു എത്തുന്നത്. സഞ്ജുവിനൊപ്പം റിഷഭ് പന്തും ഇന്ന് പ്രഖ്യാപിച്ച ഇന്ത്യന്‍ ടീമില്‍ ഇടം നേടി. അതേസമയം കെ എല്‍ രാഹുലിന് ടീമില്‍ സ്ഥാനം നഷ്ടമായി. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. യൂസ്വേന്ദ്ര ചാഹലും ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരും ഇടം നേടി. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും ടീമിലെത്തി. അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരാണ് സ്പിന്‍ ഓള്‍റൌണ്ടര്‍മാര്‍. രോഹിത്തിനൊപ്പം ജയ്സ്വാള്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. കോലി മൂന്നാം നമ്പറിലെത്തും. തൊട്ടുപിന്നാലെ സൂര്യകുമാര്‍ യാദവും. പിന്നീട് സഞ്ജു അല്ലെങ്കില്‍ പന്ത് ക്രീസിലെത്തും.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
ഐപിഎല്ലിലെ സഞ്ജുവിന്റെ മിന്നും പ്രകടനാണ് ലോകകപ്പ് ടീമില്‍ ഇടം നേടിക്കൊടുത്തത്. ടി20 ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാണ് സഞ്ജു. 2007ല്‍ എസ് ശ്രീശാന്ത് ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചിരുന്നു. അതേസമയം പ്രധാന വിക്കറ്റ് കീപ്പര്‍ ആരാണ് ഇതുവരെ സിലക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടില്ല. ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
