തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 8 ന് പ്രഖ്യാപിക്കും. ഹയര്‍സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം മെയ് 9 നും പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്ന് മണിക്ക് രണ്ട് പരീക്ഷകളുടെയും ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ 11 ദിവസം മുന്‍പ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപനം നടക്കും. 70 ക്യാമ്പുകളിലായി 14 ദിവസം കൊണ്ട് പരീക്ഷകളുടെ മൂല്യ നിര്‍ണ്ണയം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
10, 863 അധ്യാപകര്‍ മൂല്യ നിര്‍ണ്ണയ ക്യാമ്പില്‍ പങ്കെടുത്തു. ടാബുലേഷനും ഗ്രേസ് മാര്‍ക്ക് കണക്കാക്കലും അടക്കം ചുരുക്കം ചില പണികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും മന്ത്രി പറഞ്ഞു. 77 ക്യാമ്പുകളില്‍ 25000 ത്തോളം അധ്യാപകര്‍ പ്ലസ് വണ്‍ പ്ലസ് ടു മൂല്യനിര്‍ണ്ണയത്തിലും പങ്കെടുത്തു. 4,27,105 കുട്ടികളാണ് സംസ്ഥാനത്ത് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതിയത്.
