ദോഹ: ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. മലിനമായ ഭക്ഷണങ്ങള്‍ വിളമ്പിയതിനെ തുടര്‍ന്ന് രാജ്യത്തെ ചില റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടിയതായി പ്രചരിക്കുന്ന അഭ്യൂഹങ്ങളും പൊതുജനാരോഗ്യ മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവും നിഷേധിച്ചു.
രാജ്യത്തെ എല്ലാ ഭക്ഷ്യവസ്തുക്കളും കര്‍ശനമായ ആരോഗ്യ നിയന്ത്രണത്തിന് വിധേയമാണെന്നും ഉപഭോഗത്തിന് സുരക്ഷിതമാണെന്നും പൊതുജനാരോഗ്യ-മുനിസിപ്പാലിറ്റി മന്ത്രാലയങ്ങള്‍ വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും വിതരണം ഭക്ഷണത്തിന്റെ സുരക്ഷ തുടര്‍ച്ചയായ പരിശോധനയിലൂടെ ഉറപ്പാക്കുന്നുണ്ടെന്നും ഇരു മന്ത്രാലയങ്ങളും സ്ഥിരീകരിച്ചു.ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ഭക്ഷ്യ ലംഘനങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇക്കാരണത്താല്‍ ഭക്ഷ്യസ്ഥാപനങ്ങളൊന്നും അടപ്പിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം സ്വീകരിക്കണമെന്നും അനൗദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അതോറിറ്റി അഭ്യര്‍ത്ഥിച്ചു.
