ഷാര്‍ജ: ഷാര്‍ജയിൽ അല്‍ മജാസ് ഒന്നിലെ പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒരു ദിവസം മാത്രം പ്രായമുള്ള ആഫ്രിക്കന്‍ വംശജരെന്ന് തോന്നിക്കുന്ന കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീകളുടെ പ്രാര്‍ത്ഥനാ മുറിയിൽ നിന്ന് മോസ്‌ക് ഗാര്‍ഡാണ് കുഞ്ഞിനെ കണ്ടെത്തിയതെന്ന് ഷാര്‍ജ പോലീസ് വ്യക്തമാക്കി.
പ്രാര്‍ത്ഥനയ്ക്കായ പോകുകയായിരുന്ന പള്ളിയിലെ ജീവനക്കാര്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. പോലീസ് പട്രോളിംഗ് സംഘവും ആംബുലന്‍സും സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ആശുപത്രിയിലെ ഐസിയുവിൽ കഴിയുന്ന കുഞ്ഞിനെ ആവശ്യമായ ചികിത്സയും പ്രതിരോധ കുത്തിവയ്പ്പുകളും സമ്പൂര്‍ണ വൈദ്യപരിശോധനയും നല്‍കിയ ശേഷം ശിശു സംരക്ഷണ സമിതിക്ക് കൈമാറുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു . അതേസമയം കുഞ്ഞിന്റെ അമ്മയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
