അബുദാബി: അബുദാബിയില്‍ ‘ടാം’ ആപ്പിന്റെ ചില സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഉപഭോക്താക്കളുടെ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 16 വരെ ആപ്പിലെ തിരഞ്ഞെടുത്ത ചില സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയതായി അുബദാബി ഹൗസിംഗ് അതോറിറ്റി അറിയിച്ചു.
വായ്പ ഒഴിവാക്കല്‍, അംഗീകാരത്തിന് ശേഷമുള്ള പരിഷ്‌ക്കരണങ്ങള്‍, റദ്ദാക്കല്‍ അഭ്യര്‍ത്ഥനകള്‍, ഭവന സേവന സ്റ്റാറ്റസ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള അഭ്യര്‍ത്ഥനകള്‍ എന്നീ സേവനങ്ങളാണ് നിര്‍ത്തിയതെന്നാണ് വിവരം. ഈ കാലയളവില്‍ ബാധിക്കപ്പെട്ട സേവനങ്ങളില്‍ വിവിധ ആഡ്-ഓണ്‍ ടൂളുകള്‍ ഉള്‍പ്പെടും. പാര്‍പ്പിടവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും കൂടുതല്‍ കാര്യക്ഷമമായി ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരുന്നത് ലക്ഷ്യമിട്ടുള്ള അപ്ഡേറ്റിന്റെ ഭാഗമായാണ് താല്‍ക്കാലിക സസ്പെന്‍ഷന്‍.
അുബദാബി സര്‍ക്കാര്‍ നല്‍കുന്ന എല്ലാ സേവനങ്ങളിലേക്കുമുള്ള ഏകജാലക പ്ലാറ്റ്‌ഫോമാണഅ ‘ടാം’ ആപ്ലിക്കേഷന്‍. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ബിസിനസുകാര്‍ക്കും സന്ദര്‍ശകര്‍ക്കും സേവനങ്ങള്‍ക്കായി ഓണ്‍ലൈനായി അപേക്ഷിക്കാനും അവരുടെ ഉപഭോക്തൃ സേവനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനും അപേക്ഷയുടെ സ്ഥിതി ട്രാക്ക് ചെയ്യാനും ആപ്പിലൂടെ കഴിയും.
