ഖത്തറിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് HPV വാക്സിനും

vaccine2

ദോഹ: ഖത്തർ ദേശീയ സ്കൂൾ വാക്സിനേഷൻ ക്യാമ്പെയ്‌നിൽ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്സിൻ കൂടി ഉൾപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം. എച്ച്പിവി (HPV) മൂലമുണ്ടാകുന്ന ക്യാൻസറുകൾ, പ്രത്യേകിച്ച് ഗർഭാശയമുഖ ക്യാൻസർ (cervical cancer) തടയുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളിലെ സുപ്രധാന ചുവടുവയ്പായാണ് തീരുമാനം. ക്യാൻസറിനെ പ്രതിരോധിക്കാനുള്ള മന്ത്രാലയത്തിന്റെ നയത്തിന് അനുസൃതമായാണ് ഈ വാക്സിൻ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും, നേരത്തെയുള്ള പ്രതിരോധത്തിലൂടെയും വാക്സിനേഷനിലൂടെയും ഗർഭാശയമുഖ ക്യാൻസർ തുടച്ചുനീക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും ആരോഗ്യ സംരക്ഷണ-സാംക്രമിക രോഗ നിയന്ത്രണ വിഭാഗം ഡയറക്ടർ ഡോ. ഹമദ് ഈദ് അൽ റുമൈഹി വ്യക്തമാക്കി.

വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും (MoEHE) പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനും (PHCC) സംയുക്തമായാണ് ക്യാമ്പെയ്‌ൻ ആരംഭിക്കുന്നത്. 301 സർക്കാർ-സ്വകാര്യ സ്കൂളുകളിലായി 8, 9, 10 ക്ലാസുകളിലെ 76,264 വിദ്യാർത്ഥികളെ (ആൺകുട്ടികളെയും പെൺകുട്ടികളെയും) ലക്ഷ്യമിട്ടാണ് വാക്‌സിൻ ക്യാമ്പയിങ് നടത്തുന്നത്.

സെപ്റ്റംബർ 20 മുതൽ നവംബർ 18 വരെ ആദ്യ ഘട്ടം നടക്കും. രണ്ടാം ഘട്ടം 2027 ഏപ്രിൽ 25 മുതൽ മെയ് 16 വരെയും നടക്കും.

ഈ വാക്സിന് 90 ശതമാനത്തിലധികം ഫലപ്രാപ്തിയുണ്ടെന്നും മുതിർന്നവരെ അപേക്ഷിച്ച്, ചെറിയ പ്രായത്തിൽ – പ്രത്യേകിച്ച് 11-നും 14-നും ഇടയിലുള്ള പ്രായത്തിൽ – വാക്സിൻ എടുക്കുമ്പോഴാണ് ഏറ്റവും മികച്ച പ്രതിരോധ പ്രതികരണം (immune response) ലഭിക്കുന്നതെന്നും അധികൃതർ അറിയിച്ചു. കുത്തിവയ്പ്പ് എടുത്താൽ നേരിയ പനി, ക്ഷീണം അല്ലെങ്കിൽ ചെറിയ തലവേദന എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതേസമയം വാക്സിനേഷൻ നിർബന്ധമല്ല. ഇതിനായി മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ മുൻകൂർ സമ്മതം ആവശ്യമാണ്. മാതാപിതാക്കൾക്ക് ബോധവൽക്കരണ ലഘുലേഖയും നിശ്ചിത സമ്മതപത്രവും നൽകും. ഇത് ഒപ്പിട്ട് സമ്മതപത്രം സമർപ്പിച്ചതിനുശേഷം മാത്രമേ വാക്സിൻ നൽകുകയുള്ളൂ.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading