ദോഹ: ഖത്തറില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ സുരക്ഷിതമായി നില്‍ക്കേണ്ടതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. അടിയന്തര ഘട്ടങ്ങളിലെ ദേശീയ അടിയന്തര മുന്നറിയിപ്പ്, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, വീഡിയോ സന്ദേശങ്ങള്‍ എന്നിവയിലൂടെ, ആഭ്യന്തര മന്ത്രാലയം രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. സ്‌ഫോടന ശബ്ദം കേള്‍ക്കുമ്പോള്‍ വീടിനകത്തോ സുരക്ഷിതമായ സ്ഥലത്തോ താമസിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പതിവായി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഒരു സ്‌ഫോടനം കേള്‍ക്കുകയോ മുന്നറിയിപ്പ് ലഭിക്കുകയോ ചെയ്താല്‍ എവിടെ അഭയം തേടണമെന്ന് നിര്‍ദേശിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. വീടിന് പുറത്തെ മതിലുകള്‍ക്ക് സമീപമുള്ള സ്ഥലങ്ങള്‍, ഗ്ലാസ് ജനാലകള്‍ക്ക് സമീപമുള്ള സ്ഥലങ്ങള്‍, മേല്‍ക്കൂരകള്‍, റൂഫ് ടോപ്പുകള്‍, തുറസ്സായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നില്‍ക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം ബേസ്മെന്റുകള്‍, ഇന്റീരിയര്‍ മുറികള്‍, ഇടനാഴികള്‍, പടിക്കെട്ടുകള്‍ക്ക് കീഴിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നില്‍ക്കുന്നത് സുരക്ഷിതമാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നതുവരെ വീടിനുള്ളില്‍ തന്നെ തുടരുക, പുറത്തുപോകുന്നത് ഒഴിവാക്കുക തുടങ്ങിയ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യവും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
