അവശ്യ മരുന്നുകളുടെ വിവരങ്ങള്‍ ബ്രെയില്‍ ലിപിയിലും അച്ചടിക്കണം; ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് നിര്‍ദേശവുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം

health ministry 3 1

ദോഹ: ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ അവശ്യ മരുന്നുകളുടെ വിവരങ്ങള്‍ പാക്കേജിന്റെ പുറംവശത്ത് ബ്രെയില്‍ ലിപിയില്‍ അച്ചടിക്കണമെന്ന് നിര്‍ദേശിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ച് മന്ത്രാലയം ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. 2027 നവംബര്‍ മുതല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായ എല്ലാ ആവശ്യമരുന്നുകള്‍ക്കും സര്‍ക്കുലര്‍ നിര്‍ബന്ധമാക്കും. അന്ധരോ കാഴ്ച വൈകല്യമുള്ളവരോ ആയ ആളുകള്‍ക്ക് വായിക്കാനും എഴുതാനുമുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള ഒരു സംവിധാനമാണ് ബ്രെയില്‍ ലിപി.

മരുന്നിന്റെ പേര്, അതിലെ സജീവ ഘടകം എന്നിവ അറബിയിലും ഇംഗ്ലീഷിലും ബ്രെയില്‍ ലിപിയില്‍ അച്ചടിക്കണമെന്നാണ് വ്യവസ്ഥ. മനുഷ്യ ഉപയോഗത്തിനുള്ള മരുന്നുകളുടെ വിവരങ്ങള്‍ ലേബല്‍ ചെയ്യുന്നതിനുള്ള ബ്രെയിലി ആവശ്യകതകളെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

മരുന്നുകളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും അന്ധരോ കാഴ്ച വൈകല്യമുള്ളവരോ ആയ ആളുകള്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമായി ലഭ്യമാക്കുന്നതിനും ഉപയോഗിക്കുന്നതിനും സഹായകരമാക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം.

കാഴ്ച വൈകല്യമുള്ളവര്‍ക്ക് മരുന്നുകളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കുകയും മെഡിക്കല്‍ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളിലേക്കുള്ള ആക്സസ് മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു. സര്‍ക്കുലര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനായി, ഫാര്‍മസികളിലും മരുന്ന് വെയര്‍ഹൗസുകളിലും പരിശോധനയും നടത്തും. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും ഇലക്ട്രോണിക് ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ സിസ്റ്റത്തിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading