അബുദാബി: യാത്രയ്ക്കിടെ വിദേശ രാജ്യങ്ങളില്‍വച്ച് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാലും ഗോള്‍ഡന്‍ വീസ ഉടമകള്‍ക്ക് തിരിച്ചുവരാം. യുഎഇയിലേക്ക് തിരിച്ചുവരാന്‍ 30 മിനിറ്റിനകം സൗജന്യ റിട്ടേണ്‍ പെര്‍മിറ്റ് നല്‍കുന്ന പദ്ധതി ആരംഭിച്ചതായി വിദേശകാര്യമ മന്ത്രാലയം അറിയിച്ചു. ഈ പെര്‍മിറ്റ് ഉപയോഗിച്ച് ഒരു തവണ യുഎഇയിലേക്കു പ്രവേശിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഈ പെര്‍മിറ്റ് ഉപയോഗിച്ച് മറ്റു രാജ്യങ്ങളിലേക്ക് യാത്രാനുമതി ലഭിക്കില്ല.
ഗോള്‍ഡന്‍ വീസ ഉടമകളുടെ ആശ്രിതരും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജീവിത പങ്കാളി, മക്കള്‍ എന്നിവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഗോള്‍ഡന്‍ വീസ ഉടമകള്‍ക്കുള്ള എമര്‍ജന്‍സി ആന്‍ഡ് ക്രൈസിസ് സപ്പോര്‍ട്ട് സര്‍വീസ് യാത്രകളില്‍ ലഭ്യമാകുമെന്നും അടിയന്തിര സഹായത്തിനു അതാതു രാജ്യങ്ങളിലെ യുഎഇ എംബസികളെയോ കോണ്‍സുലേറ്റിനെയോ സമീപിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഗോള്‍ഡന്‍ വീസക്കാരെ അടിയന്തര ഘട്ടങ്ങളില്‍ ഒഴിപ്പിക്കും. ഗോള്‍ഡന്‍ വീസക്കാര്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിഷ്‌ക്കാരം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍സിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റിയുമായി (ഐസിപി) സഹകരിച്ചാണ് പദ്ധതി.
യുഎഇ പാസ് ഡിജിറ്റല്‍ ഐഡി ഉപയോഗിച്ച് ഐസിപി വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ റിട്ടേണ്‍ പെര്‍മിറ്റ് അപേക്ഷിക്കാം. നഷ്ടപ്പെട്ട പാസ്‌പോര്‍ട്ട് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, ഗോള്‍ഡന്‍ വീസ വിശദാംശങ്ങള്‍, ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിച്ച് അര മണിക്കൂറിനകം നല്‍കുന്ന റിട്ടേണ്‍ പെര്‍മിറ്റിന് 7 ദിവസമായിരിക്കും കാലപരിധി. ഇതിനകം യുഎഇയില്‍ തിരിച്ചെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ആഴ്ചയില്‍ 7 ദിവസവും 24 മണിക്കൂറും സേവനം ലഭ്യമാകുന്ന ഹോട്ട് ലൈനും (+971 24931133) ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
