കൊച്ചി: ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ടീവിയും ചാനല്‍ യുദ്ധത്തിലേക്കോ? ഏഷ്യാനെറ്റ് ന്യൂസിനെതിരെ 150 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് റിപ്പോര്‍ട്ടര്‍ ടിവി. റിപ്പോര്‍ട്ടര്‍ ടിവി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ റിപ്പോര്‍ട്ടര്‍ ടിവി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സ്‌പോണ്‍സറും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അടക്കമുള്ളവര്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടും വ്യാജ വാര്‍ത്ത നല്‍കുന്നത് ഏഷ്യാനെറ്റ് അടക്കമുള്ളവര്‍ തുടര്‍ന്നെന്നും കേസില്‍ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍, ഏഷ്യാനെറ്റ് ന്യൂസിലെ സിന്ധു സൂര്യകുമാര്‍, വിനു വി ജോണ്‍, പി ജി സുരേഷ് കുമാര്‍, ഉള്‍പ്പെടെ 15 പേര്‍ക്ക് നോട്ടീസ് അയച്ചു.
അതിനിടെ രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി പി എല്‍ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജവാര്‍ത്തകള്‍ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്തത് ചൂണ്ടിക്കാട്ടി മുംബൈ ആസ്ഥാനമായ ആര്‍ എച്ച് പി പാര്‍ട്ട്‌നേഴ്‌സ് എന്ന നിയമസ്ഥാപനം മുഖേന നൂറു കോടി രൂപയുടെ മാനനഷ്ടക്കേസാണ് രാജീവ് ചന്ദ്രശേഖര്‍ ഫയല്‍ ചെയ്തത്. റിപ്പോര്‍ട്ടര്‍ ഉടമ ആന്റോ അഗസ്റ്റിന്‍, കണ്‍സല്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍ കുമാര്‍, കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോര്‍ഡിനേറ്റര്‍ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ് എന്നിവരടക്കം ഒമ്പത് പേര്‍ക്കെതിരെയാണ് കേസ്. ഏഴ് ദിവസത്തിനുള്ളില്‍ വ്യാജവാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണമെന്നും നോട്ടീസില്‍ പറയുന്നു.
അര്‍ജന്റീന ടീമിന്റെയും മെസിയുടെയും കേരള സന്ദര്‍ശവുമായി ബന്ധപ്പെട്ട തട്ടിപ്പ് മറയ്ക്കാന്‍ വേണ്ടി ഓരോ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും ചില ക്രിമിനലുകളും മാധ്യമ മേഖലയില്‍ വന്നിട്ടുണ്ടെന്നും അതിനെ നേരിടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപണവുമായി ബന്ധപ്പെട്ട് നേര്തതെ പറഞ്ഞിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
