ദോഹ: ഖത്തറിലെ 9 സ്വര്‍ണ്ണക്കടകള്‍ക്കെതിരെ നടപടിയുമായി വാണിജ്യ, വ്യവസായ മന്ത്രാലയം. വില നിര്‍ണ്ണയത്തെ സ്വാധീനിക്കാന്‍ ഉല്‍പ്പന്നങ്ങള്‍ മറച്ചുവെച്ച് വില്‍പ്പന തടഞ്ഞതിനാണ് നടപടി.
സ്വര്‍ണ്ണം വില്‍ക്കാതെയും ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് കാണിക്കാതെയും ചില സ്വര്‍ണക്കടകള്‍ ആഭരണങ്ങള്‍ മറച്ചുവെക്കുകയും ചെയ്യുന്നുവെന്ന ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന പരാതികളുടെ പശ്ചാത്തലത്തില്‍, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുടനീളമുള്ള സ്വര്‍ണ്ണ കടകളെ ലക്ഷ്യമിട്ട് വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.
ഏകദേശം 94 കടകളിലാണ് പരിശോധന നടത്തിയത്. ഇതില്‍ ഒമ്പത് കടകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി. ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള 2008 ലെ (8) നമ്പര്‍ നിയമത്തിലെ (10)ാം ആര്‍ട്ടിക്കിളിന്റെ വ്യക്തമായ ലംഘനമാണ് നടന്നതെന്നും മന്ത്രാലയം അറിയിച്ചു. വിപണി വില നിയന്ത്രിക്കുക, നിര്‍ദ്ദിഷ്ട അളവുകളോ അധിക സാധനങ്ങളോ വാങ്ങാന്‍ നിര്‍ബന്ധിക്കുക, പരസ്യപ്പെടുത്തിയ വിലയേക്കാള്‍ ഉയര്‍ന്ന വില ഈടാക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് സ്വര്‍ണക്കടകളില്‍ കണ്ടെത്തിയത്.
നിയമലംഘനം നടത്തിയ കടകള്‍ക്കെതിരെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യുകയും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സ്വര്‍ണക്കടകളില്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഏതെങ്കിലും ലംഘനങ്ങളോ നിയമവിരുദ്ധ നടപടികളോ ശ്രദ്ധയില്‍പ്പെട്ടാല്‍ കോള്‍ സെന്റര്‍: 16001 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍: @MOCIQATAR മുഖേന റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
