കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിയെ പൊലീസ് മര്‍ദിച്ചതില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം. പലയിടത്തും പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു. കഴിഞ്ഞദിവസമാണ് പേരാമ്പ്രയില്‍ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റത്. മര്‍ദനത്തില്‍ പരിക്കേറ്റ ഷാഫി പറമ്പിലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മൂക്കിന്റെ പൊട്ടല്‍ കണ്ടെത്തിയത്. പിന്നാലെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഷാഫിക്ക് 5 ദിവസത്തെ വിശ്രമം വേണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം ഷാഫിക്ക് പരിക്കേറ്റത് ലാത്തി ചാര്‍ജിലല്ലെന്നാണ് കോഴിക്കോട് റൂറല്‍ എസ്പി പറയുന്നത്. പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിട്ടില്ല. ഉണ്ടെങ്കില്‍ വീഡിയോ കാണിക്കട്ടെയെന്ന് എസ്പി പറയുന്നു. അതിനിടെ ഷാഫിക്ക് ലാത്തികൊണ്ട് മര്‍ദനമേല്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ലാത്തി കൊണ്ട് ഷാഫി പറമ്പിലിന്റെ തലയ്ക്ക് പൊലീസ് അടിക്കുന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ഒന്നര മണിക്കൂറോളം റോഡ് ബ്ലോക്കായതോടെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും പോലീസ് പറഞ്ഞു.
അതേസമയം പേരാമ്പ്രാ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഷാഫി പറമ്പിലിന് പുറമെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ഉള്‍പ്പടെ എട്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരെയും കണ്ടാലറിയാവുന്ന 692 പേര്‍ക്കെതിരെയുമാണ് കേസ്. ഗതാഗത തടസം, മാരകായുധങ്ങള്‍ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്‌ഐആര്‍. സംഘര്‍ഷത്തില്‍ സിപിഐഎം നേതാക്കളായ കെ സുനില്‍, കെ കെ രാജന്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 492 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
