ദോഹ: കോഴിക്കോട് പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എം.പി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതില്‍ ഓഐസിസി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ജനപ്രതിനിധികളുള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെയുള്ള അക്രമങ്ങളെ കമ്മിറ്റി ശക്തമായി അപലപിച്ചു.
ജനാധിപത്യ വ്യവസ്ഥയില്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ പോലും ജനപ്രതിനിധികള്‍ക്കും പൗരന്മാര്‍ക്കും അവകാശമില്ലാത്ത സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നുവെന്നത് അതീവ ദൗര്‍ഭാഗ്യകരമാണെന്ന് കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും ലക്ഷ്യമിട്ട് നടക്കുന്ന പോലീസ് അതിക്രമങ്ങള്‍ സര്‍ക്കാര്‍ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നതാണെന്നതില്‍ സംശയമില്ലെന്നും, ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ വേണമെന്നും കമ്മിറ്റി ആഹ്വാനം ചെയ്തു. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ നിയമസംരക്ഷണ ഏജന്‍സികള്‍ തന്നെ അക്രമികളുടെ വേഷം ധരിക്കുന്നുവെന്നത് കേരള രാഷ്ട്രീയചരിത്രത്തില്‍ കറുത്ത അധ്യായമാണെന്നും ഓഐസിസി ഇന്‍കാസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എം.പി യുടെയും മറ്റു നേതാക്കളുടെയും വേഗത്തിലുള്ള സുഖപ്രാപ്തി കമ്മിറ്റി ആശംസിച്ചു. കൂടാതെ, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഉറപ്പുനല്‍കണമെന്ന് കേരള സര്‍ക്കാരിനോടും ഓഐസിസി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
