ദുബായ്: ദുബായില്‍ വ്യാജ രേഖ ചമച്ച് നിക്ഷേപകനെ കബളിപ്പിച്ച് 2.10 ലക്ഷം ദിര്‍ഹം തട്ടിയെടുത്ത പ്രവാസി അറസ്റ്റിലായി. ഏഷ്യക്കാരനാണ് പിടിയിലായത്. ദുബായ് ക്രിമിനല്‍ മിസ്ഡിമീനര്‍ കോടതി പ്രതിയെ ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കേസില്‍ ഒളിവില്‍ പോയ അറബ് വംശജനായ കൂട്ടുപ്രതിക്കും ഇതേ ശിക്ഷ നല്‍കാനും കോടതി ഉത്തരവിട്ടു. ഇരുവരും ചേര്‍ന്ന് 2.10 ലക്ഷം ദിര്‍ഹം പിഴയായി കെട്ടിവയ്ക്കുകയും വേണം. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്തുകയും ചെയ്യും.
ഹോട്ടല്‍ മാനേജരായും റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായും സ്വയം പരിചയപ്പെടുത്തിയാണ് പ്രതികള്‍ അറബ് നിക്ഷേപകനില്‍ നിന്ന് പണം തട്ടിയെടുത്തത്. ദുബായിലെ ഒരു ഹോട്ടലിലെ ഒരു നില മുഴുവന്‍ 3.80 ലക്ഷം ദിര്‍ഹത്തിന് വാടകയ്ക്ക് നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഇവര്‍ നിക്ഷേപകനില്‍ നിന്ന് 2.10 ലക്ഷം ദിര്‍ഹം മുന്‍കൂറായി കൈപ്പറ്റുകയായിരുന്നു. ബാക്കി തുകയ്ക്കുള്ള ചെക്കും ഇവര്‍ വാങ്ങി. ഹോട്ടല്‍ അധികൃതരുടെ അനുമതിക്ക് ശേഷം ചെക്കില്‍ വിവരങ്ങള്‍ ചേര്‍ക്കാമെന്ന് പറഞ്ഞ് പ്രതികള്‍ നിക്ഷേപകനെ കബളിപ്പിച്ചു.
പത്ത് മുതല്‍ ഇരുപത് ദിവസങ്ങള്‍ക്കുള്ളില്‍ നവീകരണം പൂര്‍ത്തിയാക്കി ഹോട്ടല്‍ നില കൈമാറാമെന്നും വാഗ്ദാനം ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം നിക്ഷേപകന്റെ സുഹൃത്ത് ഈ കരാറിനെക്കുറിച്ച് ഹോട്ടലില്‍ നേരിട്ട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ഹോട്ടലിലെത്തി കരാര്‍ കാണിച്ചപ്പോള്‍ അത് വ്യാജമാണെന്ന് അധികൃതര്‍ അറിയിച്ചു. ഹോട്ടലിലെ നിക്ഷേപകരില്‍ ഒരാളുമായി പ്രതിക്ക് കുടുംബബന്ധമുണ്ടെന്നും ഇത് മുതലെടുത്താണ് ഇയാള്‍ വിശ്വാസം നേടിയെടുത്തതെന്നും ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും ഏഷ്യന്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
