അബുദാബി: യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പൊതുപരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ അപാര്‍ ഐഡി ഒഴിവാക്കി. ഇത് സംബന്ധിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) സര്‍ക്കുലര്‍ പുറത്തിറക്കി. വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വിദേശ രാജ്യങ്ങളിലെ സ്‌കൂളുകള്‍ക്ക് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ലഭിച്ചതായി വിവിധ സ്‌കൂള്‍ അധികൃതര്‍ സ്ഥിരീകരിച്ചു. നാളെ മുതല്‍ സിബിഎസ്ഇ പ്ലസ് ടു ബോര്‍ഡ് പരീക്ഷയുടെ എല്‍ ഒ സി (ലിസ്റ്റ് ഓഫ് കാന്‍ഡിഡേറ്റ്‌സ്) രജിസ്‌ട്രേഷന്‍ ആരംഭിക്കും. സെപ്റ്റംബര്‍ 30 വരെയാണ് രജിസ്‌ട്രേഷന്‍.
അതത് രാജ്യങ്ങളിലെ നിയമങ്ങളും ഭരണപരമായ കാരണങ്ങളും മുന്‍നിര്‍ത്തി വിദേശത്തുളള സിബിഎസ്ഇ സ്‌കൂളുകളെ അപാര്‍ ഐഡി റജിസ്‌ട്രേഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സര്‍ക്കുലറില്‍ സിബിഎസ്ഇ വ്യക്തമാക്കി. ഇന്ത്യയിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക തിരിച്ചറിയില്‍ രേഖയായി അപാര്‍ ഐഡി നടപ്പിലാക്കുന്നത് സംബന്ധിച്ച് ജനുവരി 24 നാണ് സിബിഎസ്ഇ സര്‍ക്കുലര്‍ ഇറക്കിയത്. ഇതോടെ ഇന്ത്യയ്ക്ക് പുറത്തുളള സ്‌കൂളുകളിലും ഇത് ബാധകമാകുമോയെന്നുളള ആശങ്ക വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പങ്കുവച്ചിരുന്നു. യുഎഇയില്‍ ഉള്‍പ്പടെ ആധാര്‍ എടുക്കാനുളള സൗകര്യമില്ലാത്തതിനാല്‍ ആധാറെടുക്കാനായി മാത്രം ഇന്ത്യയിലേക്ക് പോകേണ്ടിവരുമെന്നുളളതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
