തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ ഒറ്റപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍. ഗുരുതരമായ ആരോപണങ്ങള്‍ക്ക് പിന്നാലെ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തി.
രാജി ആവശ്യം ശക്തമായതിന് പിന്നാലെ അടൂരിലെ വീട്ടില്‍ രാഹുല്‍ മാധ്യമങ്ങളെ കണ്ടു. അടിസ്ഥാന പരമായി ഞാന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താന്‍ കാരണം തലകുനിക്കേണ്ടി വരില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. രാഹുലിനെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാന്‍സ് വുമണിനെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ സംഭാഷണവും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. രാഹുലിനെതിരെ ആരോപണം ഉണ്ടോ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ അവന്തികയോട് ചോദിച്ചത്. അതില്‍ അവന്തിക രാഹുലിനെതിരെ ഒരു ആരോപണവും ഇല്ലെന്നാണ് പറയുന്നത്. ആഗസ്റ്റ് ഒന്നിനാണ് ഈ ഫോണ്‍ കോള്‍ ഉണ്ടായത്. ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാം എന്ന് പറഞ്ഞാണ് രാഹുല്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.
അതേസമയം രാഹുലിന്റെ രാജിയില്‍ സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്ന് എഐസിസി അറിയിച്ചിട്ടുണ്ട്. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയിലും സമ്മര്‍ദ്ദം ശക്തമാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരുന്നതിനാല്‍ രാഹുല്‍ രാജി വെച്ചില്ലെങ്കില്‍ അത് പ്രതികൂലമായി ബാധിക്കുമെന്നാണ് ഭൂരുപക്ഷ വിലയിരുത്തല്‍.
ആരോപണങ്ങള്‍ ഗുരുതരമായതോടെ രാഹുലിന്റെ രാജി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും രംഗത്തെത്തി. എത്രയും വേഗം രാജി വെയ്ക്കുന്നതാണ് നല്ലതെന്ന് വിഎം സുധീരനും വ്യക്തമാക്കി. ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് എംഎല്‍എ സ്ഥാനം രാജി വെയ്ക്കണമെന്ന് ഉമാ തോമസ് എംഎല്‍എ, ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പരസ്യമായി നിലപാട് അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
