അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ദുരൂഹത; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്, പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെ

1q 85

ഡല്‍ഹി: ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാനദുരന്തമായ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടിന് പിന്നാലെ സംഭവത്തിന്റെ ദുരൂഹത വര്‍ധിച്ചു. വിമാനം പറന്നുയര്‍ന്ന് സെക്കന്റുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എഞ്ചിനുകളുടേയും പ്രവര്‍ത്തനം നിലച്ചു. എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫായതായി അന്വേഷണത്തില്‍ കണ്ടെത്തി.

ആരാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതിന്റെയും ‘താന്‍ ചെയ്തിട്ടില്ലെന്ന്’ മറുപടി പറയുന്നതിന്റേയും വോയ്സ് റെക്കോഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പുറത്തിറക്കിയ പ്രാഥമിക റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

വിമാനത്തില്‍ രണ്ട് എന്‍ഹാന്‍സ്ഡ് എയര്‍ബോണ്‍ ഫ്‌ലൈറ്റ് റെക്കോര്‍ഡറുകള്‍ ഉണ്ടായിരുന്നു. ഒരു ഇഎഎഫ്ആറില്‍ നിന്ന് ഏകദേശം 49 മണിക്കൂര്‍ ഫ്‌ലൈറ്റ് ഡാറ്റയും 2 മണിക്കൂര്‍ ഓഡിയോയും ലഭിച്ചു. എന്നാല്‍, പിന്‍ഭാഗത്തെ ഇഎഎഫ്ആറിന് കാര്യമായ തകരാര്‍ സംഭവിച്ചതിനാല്‍ വിവരങ്ങള്‍ വീണ്ടെടുക്കാനായില്ല. കൂടുതല്‍ വിവരങ്ങളും തെളിവുകളും പരിശോധിച്ച് സമഗ്ര അന്വേഷണം നടത്തും.

അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെയാണ്

– വിമാനം 08:07:37 സെക്കന്‍ഡില്‍ ടേക്ക് ഓഫ് റോള്‍ ആരംഭിച്ചു. 08:08:33 സെക്കന്‍ഡില്‍ വി1 സ്പീഡും 08:08:35 ന് വിആര്‍ സ്പീഡും കൈവരിച്ചു.
– 08:08:39 സെക്കന്‍ഡില്‍ വിമാനം ഉയര്‍ന്നു. 08:08:42 സെക്കന്‍ഡില്‍ വേഗത 180 നോട്ട്‌സ്ല്‍ എത്തിയതിന് തൊട്ടുപിന്നാലെ, എഞ്ചിന്‍ 1, എഞ്ചിന്‍ 2 എന്നിവയുടെ ഫ്യുവല്‍ കട്ട്ഓഫ് സ്വിച്ചുകള്‍ ‘റണ്‍’ പൊസിഷനില്‍ നിന്ന് ‘കട്ട് ഓഫ്’ പൊസിഷനിലേക്ക് മാറി.
– ഒരു പൈലറ്റ് എഞ്ചിന്‍ കട്ട്ഓഫ് ചെയ്തതിനെക്കുറിച്ച് ചോദിക്കുന്നതും, മറ്റേ പൈലറ്റ് താനല്ല ചെയ്തതെന്ന് മറുപടി പറയുന്നതും കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡിംഗില്‍ വ്യക്തമായി ഉണ്ട്.
– റാം എയര്‍ ടര്‍ബൈന്‍ വിന്യസിക്കപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
– വിമാനത്തില്‍ നിന്ന് ‘മെയ് ഡേ’ കോള്‍ ലഭിച്ചത് 08:09:05 സെക്കന്‍ഡില്‍
– എഞ്ചിന്‍ ഫ്യുവല്‍ കട്ട്ഓഫ് സ്വിച്ചുകള്‍ 08:08:52 സെക്കന്റിലും 08:08:56 സെക്കന്റിലും ‘റണ്‍’ പൊസിഷനിലേക്ക് മാറ്റി
– എഞ്ചിനുകള്‍ക്ക് പൂര്‍ണ്ണമായി ത്രസ്റ്റ് വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ഉടന്‍ വിമാനം തകര്‍ന്നു.
– വിമാനത്തിന്റെ മെയിന്റനന്‍സ് ചരിത്രത്തില്‍ 2019 ലും 2023 ലും ത്രോട്ടില്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍ മാറ്റിയിട്ടുണ്ടെന്ന് കണ്ടെത്തി, എന്നാല്‍ ഇത് ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുമായി ബന്ധപ്പെട്ടായിരുന്നില്ല.
– വിമാനത്തില്‍ ഉപയോഗിച്ച ഇന്ധനത്തിന്റെ സാമ്പിളുകള്‍ പരിശോധിക്കുകയും തൃപ്തികരമാണെന്ന് കണ്ടെത്തുകയും ചെയ്തു.
– വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ലെന്നും കണ്ടെത്തി.
– ഇരു പൈലറ്റുമാര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല, ആവശ്യത്തിന് വിശ്രമം ലഭിച്ചു

ജൂണ്‍ 12 നായിരുന്നു രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തം നടന്നത്. എയര്‍ ഇന്ത്യയുടെ ബോയിങ് 7878-8 ഡ്രീംലൈവര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം പറന്നുയര്‍ന്ന മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. 600 അടി ഉയരത്തില്‍ വെച്ച് നിലംപതിക്കുകയായിരുന്നു. സമീപത്തെ മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ ഇടിച്ച് തീപിടിച്ച് വിമാനം പൂര്‍ണ്ണമായി കത്തിയമരുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading