എയര്‍ ഇന്ത്യ വിമാനാപകടം: ബ്ലാക്ക് ബോക്‌സിന് തകരാര്‍, യുഎസിലേക്ക് അയയ്ക്കും

1q 74

ഡല്‍ഹി: അഹമ്മദാബാദില്‍ വിമാനദുരന്തത്തില്‍ ഡേറ്റാ വീണ്ടെടുക്കുന്നതിനായി ബ്ലാക് ബോക്‌സ് യുഎസിലേക്ക് അയക്കുന്നു. അപകടത്തില്‍ എയര്‍ ഇന്ത്യാ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന് തകരാറുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറിനാണ് കേടുപാട് പറ്റിയത്. തകരാറ് സംഭവിച്ച സാഹചര്യത്തില്‍ തദ്ദേശീയ സംവിധാനങ്ങള്‍ വഴി ഡാറ്റ വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായേക്കും. ഈ സാഹചര്യത്തിലാണ് വിവരങ്ങള്‍ വീണ്ടെടുക്കാനും കൂടുതല്‍ പരിശോധനയ്ക്കുമായി ബ്ലാക്ക് ബോക്‌സ് യുഎസിലേക്ക് അയക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.

കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ (സിവിആര്‍), ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍, അല്ലെങ്കില്‍ എഫ്ഡിആര്‍ എന്നീ രണ്ട് ഉപകരണങ്ങള്‍ ചേര്‍ന്നതാണ് വിമാനത്തിന്റെ ബ്ലാക് ബോക്‌സ്. ഇതില്‍ ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറിനാണ് തകരാറുണ്ടായിരിക്കുന്നത്. അതിനാല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകും.

അങ്ങനെയെങ്കില്‍ തകര്‍ന്ന വിമാനത്തില്‍ നിന്ന് കണ്ടെടുത്ത ‘ബ്ലാക്ക് ബോക്‌സ്’ വാഷിംഗ്ടണിലെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിലേക്കാണ് പരിശോധനയ്ക്കായി അയക്കുക. പ്രോട്ടോക്കോളുകള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഒരു സംഘവും പോകും.

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലാണ് തകര്‍ന്നുവീണത്. തകര്‍ന്ന് 28 മണിക്കൂറിന് ശേഷമാണ് വിമാനത്തിന്റെ ‘ബ്ലാക്ക് ബോക്‌സ്’ കണ്ടെടുത്തത്. റെക്കോര്‍ഡറിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍, ഡാറ്റയ്ക്ക് കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ മെമ്മറി ബോര്‍ഡ് നീക്കം ചെയ്തുകൊണ്ട് ചിപ്പ് വേര്‍തിരിച്ചെടുക്കേണ്ടതുണ്ട്. ഇലക്ട്രോണിക് സര്‍ക്യൂട്ടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നും വിലയിരുത്തും.

വിമാനത്തിന്റെ ചിറകുകളിലെ ഫ്‌ലാപ്പുകള്‍ ശരിയായി നീട്ടിയിട്ടുണ്ടോ, ലാന്‍ഡിംഗ് ഗിയര്‍ എന്തിനാണ് വിന്യസിച്ചത് എന്നിവയുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading