അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെയാണ് മെയ്‌ഡേ കോള്‍ എന്ന വാക്ക് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തില്‍ നിന്നും എടിസിക്ക് ലഭിച്ച അവസാന സന്ദേശം പരിശോധിച്ച അന്വേഷണ സംഘത്തിന് സന്ദേശത്തില്‍ പൈലറ്റ് ‘മെയ്ഡേ’ എന്ന് മൂന്ന് തവണ പറയുന്നതാണ് ലഭിച്ചത്. പൈലറ്റ് സുമിത് സബര്‍വാളിന്റെ സന്ദേശമാണിത്.
മെയ്ഡേ, മെയ്ഡേ, മെയ്ഡേ, നോ ത്രസ്റ്റ്, ഗോയിങ് ഡൗണ്‍’ എന്ന അഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള സന്ദേശമാണ് ലഭിച്ചത്. എന്നാല്‍ മെയ്‌ഡേ കോള്‍ ലഭിച്ചെങ്കിലും എടിസിയ്ക്ക് പൈലറ്റിനെ തിരിച്ച് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അവസരം ലഭിക്കുന്നതിന് മുമ്പായി തന്നെ വിമാനം താഴേക്ക് പതിച്ച് ദുരന്തമായിരുന്നു.
എന്താണ് മെയ് ഡേ?
വ്യോമയാന, സമുദ്ര ആശയവിനിമയങ്ങളില്‍ ഉപയോഗിക്കുന്ന ഏറ്റവും ഉയര്‍ന്ന റേഡിയോ സിഗ്നലാണ് മെയ്‌ഡേ കോള്‍. അടിയന്തര സാഹചര്യത്തില്‍, ജീവന്‍ അപകടത്തിലാണെന്ന് സൂചിപ്പിക്കുന്നതാണിത്. ഒരു പൈലറ്റ് ‘മെയ്‌ഡേ, മെയ്ഡേ, മെയ്ഡേ’ എന്ന് പറയുമ്പോള്‍, അവര്‍ ജീവന് ഭീഷണിയായ ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ്.
അടിയന്തര സഹായം ആവശ്യമാണെന്നാണ് ഇതിനര്‍ഥം. ‘മെയ്ഡേ’ എന്ന വാക്ക് മൂന്ന് തവണ ആവര്‍ത്തിക്കുന്നതാണ് അന്താരാഷ്ട്ര തലത്തില്‍ അടിയന്തര അപകട സൂചന മുന്നറിയിപ്പായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഈ രീതി.
പ്രതികൂല കാലാവസ്ഥ മൂലമുള്ള അടിയന്തര സാഹചര്യം, യന്ത്ര തകരാര്‍, സാങ്കേതിക പ്രശ്‌നങ്ങള്‍, മെഡിക്കല്‍ എമര്‍ജന്‍സി തുടങ്ങിയ ഘട്ടങ്ങളിലാണ് പൈലറ്റുമാര്‍ മെയ്‌ഡേ കോള്‍ ചെയ്യുക. ജീവന് ഭീഷണിയായ അടിയന്തര സാഹചര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ പൈലറ്റുമാരും ജീവനക്കാരും ഉപയോഗിക്കുന്ന അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട സിഗ്‌നലാണിത്.
എന്നാല്‍ മെയ്‌ഡേ എന്ന് അറിയിപ്പെടുന്ന ഇതിന് മെയ് മാസവുമായി യാതൊരു ബന്ധവുമില്ല. ‘എന്നെ സഹായിക്കൂ’ എന്ന് അര്‍ത്ഥം വരുന്ന മെയ്‌ഡേ എന്ന ഫ്രഞ്ച് പദമാണ് ആധാരം. പൈലറ്റുമാര്‍ മെയ്‌ഡേ കോള്‍ വിളിച്ചാല്‍ ഈ സമയം അത്യാവശ്യമല്ലാത്ത എല്ലാ റേഡിയോ ട്രാഫിക്കും നിര്‍ത്തണം. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) ആ കോളിന് വേണം മുന്‍ഗണന നല്‍കേണ്ടത്.
തുടര്‍ന്ന് പൈലറ്റുമാര്‍ കോള്‍ സൈന്‍, സ്ഥലം, എമര്‍ജന്‍സിയുടെ സ്വഭാവം, ആളുകളുടെ എണ്ണം, ആവശ്യങ്ങള്‍ പോലുള്ള പ്രധാന വിശദാംശങ്ങള്‍ നല്‍കണം. ഇങ്ങനെ രക്ഷാപ്രവര്‍ത്തകര്‍ക്ക് വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
