കുവൈത്ത് സിറ്റി: കുവൈത്തില്‍ ശക്തമായ പൊടിക്കാറ്റ്. ലാന്‍ഡിംഗ് പ്രയാസമായതിനാല്‍ വിമാന സര്‍വീസുകള്‍ താളംതെറ്റി. ഇന്നലെ വൈകിട്ട് വീശിയ കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മൂന്ന് വിമാന സര്‍വീസുകള്‍ സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിട്ടു. കാറ്റിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ കാഴ്ചപരിധി ഗണ്യമായി കുറയുകയും ലാന്‍ഡിംഗ് തടസ്സപ്പെടുകയും ചെയ്തിരുന്നു.
കാലാവസ്ഥ അസ്ഥിരമായിരുന്നിട്ടും യാത്രക്കാരെയും വിമാനങ്ങളെയും സംരക്ഷിക്കുന്നതിനായി എല്ലാ മുന്‍കരുതല്‍ നടപടികളും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നടപ്പിലാക്കിയിട്ടുണ്ടെന്ന് എയര്‍ നാവിഗേഷന്‍ വകുപ്പ് ഡയറക്ടര്‍ ദാവൂദ് അല്‍ ജറാ അറിയിച്ചു. കാഴ്ചപരിധി 300 മീറ്ററില്‍ താഴെയായതിനാല്‍ അസ്യൂട്ടില്‍ നിന്നും കെയ്റോയില്‍ നിന്നും എത്തിയ രണ്ട് എയര്‍ കെയ്റോ വിമാനങ്ങളും ഡല്‍ഹിയില്‍ നിന്നുള്ള ഒരു ഇന്‍ഡിഗോ വിമാനവും ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ ഏറ്റവും അടുത്തുള്ള ദമ്മാമിലെ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. പൊടിക്കാറ്റ് ഉണ്ടായിരുന്നിട്ടും ഷെഡ്യൂള്‍ ചെയ്ത മറ്റ് വിമാനങ്ങള്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
