ദോഹ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത മാസം മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് അറിയിച്ചു. ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ മൂന്ന് രാജ്യങ്ങളായിരിക്കും ട്രംപ് സന്ദര്‍ശിക്കുക. ശനിയാഴ്ച വത്തിക്കാനില്‍ നടക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങുകളിലും ട്രംപ് പങ്കെടുക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. അധികാരത്തില്‍ തിരിച്ചെത്തിയ ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ പര്യടനമായിരിക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്ര.
മെയ് 13 മുതല്‍ 16 വരെയായിരിക്കും സന്ദര്‍ശനം. സൗദിയില്‍ നിന്നുള്ള ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ വാഷിങ്ടമില്‍ വെച്ച് ട്രംപിന്റെ സന്ദര്‍ശനാര്‍ത്ഥം കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ് വ്യാപാരത്തിനും നിക്ഷേപത്തിനുമായി 600 ബില്യണ്‍ ഡോളര്‍ സമാഹരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് സല്‍മാന്‍ പറഞ്ഞിരുന്നു. സാമ്പത്തിക സഹകരണം, നിക്ഷേപം തുടങ്ങിയ പ്രധാന മേഖലകളില്‍ ട്രംപ് ഭരണകൂടവും സൗദിയും തമ്മില്‍ ചര്‍ച്ച നടത്തുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഈ മേഖലകളില്‍ കൂടുതല്‍ ശക്തിപ്പെടുത്താനുമാണ് സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2017ല്‍ പ്രസിഡന്റായ ശേഷം ട്രംപ് നടത്തിയ ആദ്യ വിദേശ സന്ദര്‍ശനം സൗദിയിലായിരുന്നു. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് ശ്രമങ്ങളില്‍ സൗദി അറേബ്യ പ്രധാന പങ്കാണ് വഹിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
