ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കെഎഫ്‌സി വിരുദ്ധ സമരം പടരുന്നു. കെന്ററക്കി ഫ്രൈഡ് ചിക്കന്‍(കെഎഫ്‌സി) എന്നറിയപ്പെടുന്ന ലോക പ്രശസ്തമായ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയുടെ ഭക്ഷണശാലകള്‍ പാകിസ്ഥാനില്‍ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. ആക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ അറസ്റ്റിലായി. ഒരാള്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്ഥാനില്‍ ഉള്ള എല്ലാ കെഎഫ്‌സി ഫ്രൈഡ് ചിക്കന്‍ ഷോപ്പുകള്‍ക്കും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.
ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് കെഎഫ്‌സിയുടെ പിന്തുണയുണ്ടെന്ന് ആരോപിച്ചാണ് ആക്രമണം. ഈ ആഴ്ച മാത്രം പാകിസ്ഥാനില്‍ ഇരുപത് കെഎഫ്‌സി റസ്റ്റോറന്റുകള്‍ ആക്രമിക്കപ്പെട്ടു. കറാച്ചിയില്‍ രണ്ട് കടകള്‍ക്ക് തീയിട്ടു. മക്ഡൊണാള്‍ഡ്‌സ് കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ റെസ്റ്റോറന്റ് ചെയിന്‍ ആണ് കെഎഫ്‌സി. 150 രാജ്യങ്ങളിലായി മുപ്പതിനായിരം റസ്റ്റോറന്റുകളാണ് കമ്പനിക്കുള്ളത്.
ഗസ അനുകൂല സമരമെന്ന പേരില്‍ നടക്കുന്ന നിരവധി പ്രകടനങ്ങള്‍ അവസാനിക്കുന്നത് കെഎഫ്‌സി ഷോപ്പുകള്‍ അടിച്ചു തകര്‍ത്താണ്. അമേരിക്കയുടെയും സഖ്യകക്ഷിയായ ഇസ്രായേലിന്റെയും പ്രതീകമാണ് കെഎഫ്‌സി എന്ന് സമരക്കാര്‍ പറയുന്നു. ലാഹോറില്‍ കെഎഫ്‌സി ജീവനക്കാരനെ അജ്ഞാതര്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. എന്തായാലും അക്രമ സംഭവങ്ങളോട് ഇതുവരെ കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം കഴിഞ്ഞ വര്‍ഷം മക്ഡൊണള്‍ഡ്‌സ്, സ്റ്റാര്‍ബക്‌സ് റസ്റ്റോറന്റുകള്‍ക്കെതിരെ പല രാജ്യങ്ങളിലും ബഹിഷ്‌കരണ ആഹ്വാനം ഉണ്ടായെങ്കിലും അന്ന് ഇത്ര വല്യ ആക്രമണങ്ങള്‍ ഉണ്ടായിരുന്നില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
