ദുബായ്: വിമാനത്താവളത്തില്‍ നഷ്ടമായ പണമടങ്ങിയ ബാഗ് അര മണിക്കൂറിനുള്ളില്‍ കണ്ടെത്തി ദുബായ് പോലീസ്. എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 1ലാണ് യാത്രക്കാരന്റെ പണമടങ്ങിയ ബാഗ് നഷ്ടമായത്. കുവൈത്തില്‍ നിന്നെത്തിയ സഹോദരങ്ങള്‍ തിരികെ നാട്ടിലേക്ക് പോകുമ്പാഴായിരുന്നു ബാഗ് നഷ്ടപ്പെട്ടത്. 24 ലക്ഷത്തിലധികം രൂപയും സുപ്രധാന രേഖകളുമായിരുന്നു ബാഗിലുണ്ടായിരുന്നത്.
കുടുംബത്തിലെ ഒരാള്‍ മരിച്ചെന്നറിഞ്ഞ് തിരികെ പോകാനായി തീരുമാനിക്കുകയായിരുന്നു. തിരികെയുള്ള ടിക്കറ്റ് തിടുക്കത്തില്‍ എടുക്കാനായി പോയപ്പോള്‍ പണവും രേഖകളുമടങ്ങിയ ബാഗ് എയര്‍പോര്‍ട്ടില്‍ മറന്നുവെക്കുകയായിരുന്നു. വിമാനത്തില്‍ കയറിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം ഇരുവരും അറിയുന്നത്. ഉടന്‍തന്നെ വിമാനത്താവളത്തില്‍ കൊണ്ടുവിട്ട തങ്ങളുടെ സഹോദരിയെ വിളിച്ച് വിവരം പറയുകയായിരുന്നു. സഹോദരിയാണ് വിമാനത്താവളത്തിലുള്ള പോലീസ് ഓഫീസില്‍ ബാഗ് നഷ്ടപ്പെട്ട വിവരം അറിയിച്ചത്. വിവരം ലഭിച്ചയുടന്‍ തന്നെ ദുബായ് പോലീസ് ബാഗ് തിരയുകയും 30 മിനിറ്റിനുള്ളില്‍ കണ്ടെത്തി സഹോദരിയെ തിരികെ ഏല്‍പ്പിക്കുകയും ചെയ്തതായി എയര്‍പോര്‍ട്ട് സെക്യൂരിറ്റി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹമൂദ ബെല്‍സുവൈദ അല്‍ അമേറി പറഞ്ഞു. ഇത്തരം കേസുകള്‍ വളരെ കൃത്യമായും കാര്യക്ഷമമായും കൈകാര്യം ചെയ്ത പ്രത്യേക സംഘത്തെയും അദ്ദേഹം പ്രശംസിച്ചു. മുന്‍ കാലങ്ങളില്‍ ഉടമകള്‍ മറന്നുവെക്കുന്ന വസ്തുക്കള്‍ അവരുടെ ശ്രദ്ധയില്‍പ്പെടുന്നതിന് മുന്‍പ് തന്നെ ദുബായ് പോലീസ് കണ്ടെത്തുകയും തിരിച്ചേല്‍പ്പിക്കുകയും ചെയ്യുമായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
