റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശക വീസയില്‍ കഴിയുന്നവര്‍ ഏപ്രില്‍ 13നകം രാജ്യം വിടണമെന്ന് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം (ജവാസത്ത്) വ്യക്തമാക്കി. വിവിധതരം സന്ദര്‍ശന വിസകളില്‍ സൗദിയില്‍ എത്തിയവര്‍ ഏപ്രില്‍ 13നകം മടങ്ങണമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇല്ലെങ്കില്‍ അഞ്ച് വര്‍ഷത്തെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്നുമാണ് പ്രചരണം.
എന്നാല്‍ ഇത്തരത്തിലുള്ള ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്ന വിവരങ്ങള്‍ വിശ്വസിക്കരുതെന്നും അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക മാര്‍ഗങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമേ ശ്രദ്ധിക്കാവൂ എന്നും സോഷ്യല്‍ മീഡിയയിലൂടെ അതോറിറ്റി വ്യക്തമാക്കി. പുതിയ ഉത്തരവുകള്‍ ജവാസത്തിന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യും.
ഇന്ത്യ, ഇന്ത്യ, ഈജിപ്ത്, പാക്കിസ്ഥാന്‍, മൊറോക്കോ, തുനീസിയ, യെമന്‍, അള്‍ജീറിയ, നൈജീരിയ, ജോര്‍ദാന്‍, സുഡാന്‍, ഇറാഖ്, ഇന്തൊനീഷ്യ, എത്യോപ്യ, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള 14 രാജ്യങ്ങളില്‍ നിന്നുള്ള ബിസിനസ്, ടൂറിസ്റ്റ്, സന്ദര്‍ശന വീസക്കാര്‍ ഏപ്രില്‍ 13ന് മുമ്പ് സൗദിയില്‍ നിന്ന് മടങ്ങണമെന്നും അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്നുമുള്ള വാര്‍ത്തകളാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. വീസയുടെ കാലാവധി കഴിയുന്നതുവരെ സന്ദര്‍ശകര്‍ക്ക് സൗദിയില്‍ താമസിക്കാം. എന്നാല്‍ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്നും പിഴ ഈടാക്കുമെന്നും വാര്‍ത്തകളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ജവാസത്തിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെ നല്‍കിയ മറുപടിയിലൂടെ അധികൃതര്‍ വിശദീകരിച്ചു.
മള്‍ട്ടിപ്പിള്‍ ടൂറിസ്റ്റ് വിസക്കാര്‍ക്ക് ഒരു വര്‍ഷത്തില്‍ ആകെ 90 ദിവസം മാത്രമേ രാജ്യത്ത് താമസിക്കാന്‍ അനുമതിയുള്ളൂ. ബിസിനസ് സന്ദര്‍ശന വീസക്കാര്‍ക്ക് അവരെ കൊണ്ടുവന്ന സ്ഥാപനത്തിന്റെ അബ്ഷിര്‍ (Abshir), മുഖീം (Muqeem) പ്ലാറ്റ്ഫോമുകളിലൂടെയും, ഫാമിലി സന്ദര്‍ശന വീസക്കാര്‍ക്ക് അവരെ കൊണ്ടുവന്ന വ്യക്തിയുടെ അബ്ഷിര്‍ പ്ലാറ്റ്ഫോമിലൂടെയും വീസയുടെ കാലാവധി അറിയാന്‍ സാധിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
