മലപ്പുറം: മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളിലൊക്കെ പിടിയിലാകുന്നതെന്ന കെ.ടി.ജലീൽ എം.എൽ എയുടെ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി മുസ്ലിം സംഘടനകള്‍ രംഗത്ത്. മതത്തിന്‍റെ പേരില്‍ വേര്‍തിരിച്ചുകാണേണ്ട വിഷയമല്ലിതെന്നും ഇത്തരം അഭിപ്രായങ്ങള്‍ മത ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ സഹായിക്കുമെന്നും സമസ്ത മറുപടി നല്‍കി.
മലപ്പുറത്തെ ഇഫ്താര്‍ സംഗമത്തിൽ കെ ടി ജലീലിന്‍റെ നടത്തിയ പ്രസംഗമാണ് വിവാദമായത്. മതപഠനമോ മത വിദ്യഭാസമോ കിട്ടാത്ത മറ്റ് സമുദായങ്ങളിലെ ചെറുപ്പക്കാർക്കുള്ള ധാർമ്മിക ബോധം പോലും മുസ്ലിം സമുദായത്തിലെ ആളുകൾക്ക് ഉണ്ടാകുന്നില്ലെന്നും കെ ടി ജലീല്‍ കുറ്റപ്പെടുത്തിയിരുന്നു. കോളേജുകളിലും സ്കൂളുകളിലും അച്ചടക്കം കാണിക്കുന്നതിനും അധ്യാപകരെ ബഹുമാനിക്കുന്നതിലുമൊക്കെ മുസ്ലിം കുട്ടികളെക്കാൾ ഇതര മതസ്ഥരായ കുട്ടികളാണ് മുന്നിൽ, ഇത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് മത നേതാക്കൾ പരിശോധിക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു.
അതേസമയം, ജലീലിന്‍റെ വാദം സമസ്ത തള്ളി. കുറ്റകൃത്യങ്ങളെ കുറ്റകൃത്യങ്ങളായി കാണുന്നതിനു പകരം അതില്‍ മതം കലര്‍ത്തുന്നത് ശരിയല്ലെന്ന് സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. പല ഇടങ്ങളില്‍ നിന്നും വിമര്‍ശനം വന്നെങ്കിലും പ്രസംഗത്തില്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഓരോരുത്തരും അവനവനിലേക്കും കുടുംബത്തിലേക്കും സമുദായത്തിലേക്കും നോക്കണമെന്നും പിശകുകള്‍ തിരുത്തണമെന്നും കെ ടി ജലീല്‍ പിന്നീട് ഫേസ്ബുക്കിലും കുറിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
