എസ്ഡിപിഐ ദേശീയ-സംസ്ഥാന കമ്മിറ്റി ഓഫീസുകളടക്കം 12 ഇടത്ത് ഇഡി റെയ്ഡ്; റെയ്ഡിനെത്തിയത് ടാക്‌സി കാറുകളില്‍

sdpi

തിരുവനന്തപുരം: എസ്ഡിപിഐയുമായി ബന്ധപ്പെട്ട് കേരളത്തിലെ സംസ്ഥാന കമ്മിറ്റി ഓഫീസടക്കം രാജ്യത്തെ 12 കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്. ഡല്‍ഹിയിലെ ദേശീയ ആസ്ഥാനത്തും പരിശോധന നടക്കുന്നുണ്ട്. എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെയാണ് പരിശോധന. തിരുവനന്തപുരം പാളയത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് പരിശോധന. മലപ്പുറം, ബെംഗളുരു, നന്ദ്യാല്‍, താനെ, ചെന്നൈ, പകുര്‍, കൊല്‍ക്കത്ത, ലഖ്നൗ, ജയ്പുര്‍ എന്നിവിടങ്ങളിലും ആന്ധ്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെ ടാക്‌സി കാറുകളിലാണ് ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്.

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ എസ്ഡിപിഐയെയും നിരോധിക്കാനുള്ള സാധ്യതയേറുന്നതിനിടെയാണ് രാജ്യവ്യാപകമായി പരിശോധന. ഫൈസിയുടെ അറസ്റ്റിന് പിന്നാലെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഎഫ്‌ഐയും എസ്ഡിപിഐയും ഒന്നാണെന്നാണ് ഇഡി വ്യക്തമാക്കിയിരുന്നു. ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കാന്‍ പി എഫ് ഐ ശ്രമിച്ചതിന്റെ ഭാഗമായാണ് എസ്ഡിപിഐ രൂപീകരിച്ചതെന്നും അന്വേഷണ ഏജന്‍സി ആരോപിക്കുന്നു.

എസ്ഡിപിഐയുടെ നയരൂപീകരണം, തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, പ്രവര്‍ത്തന ഫണ്ട് എന്നിവയടക്കം എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് പിഎഫ്‌ഐ ആണെന്ന് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇഡി വ്യക്തമാക്കുന്നു. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചത് പിഎഫ്‌ഐ ആണ്. ഗള്‍ഫില്‍ നിന്നടക്കം നിയമ വിരുദ്ധമായി പണം എത്തി. രാജ്യത്ത് ആക്രമണവും ഭീകര പ്രവര്‍ത്തനവും നടത്താന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പണം സ്വീകരിച്ചു. റമദാന്‍ കളക്ഷന്റെ എന്ന പേരിലും എസ്ഡിപിഐ പണം സ്വരൂപിച്ചു. എം.കെ ഫൈസിയുടെ അറിവോടെയാണ് ഇടപാടുകള്‍ നടന്നതെന്നാണ് ഇഡിയുടെ ആരോപണം.

തെരഞ്ഞെടുപ്പിന് ഗള്‍ഫില്‍ നിന്ന് പണം പിരിക്കാന്‍ എസ്ഡിപിഐക്ക് പിഎഫ്‌ഐ അനുവാദം നല്‍കി. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനുള്ള മാനദണ്ഡം തീരുമാനിച്ചത് പോപ്പുലര്‍ ഫ്രണ്ടാണ്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ 3.75 കോടി രൂപ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐക്ക് നല്‍കിയതിന് തെളിവുണ്ടെന്നും ഇഡി റിപ്പോര്‍ട്ട് പറയുന്നു. പിഎഫ്‌ഐയുടെ കേരള ആസ്ഥാനമായ കോഴിക്കോട് യൂണിറ്റി സെന്ററില്‍ നിന്ന് കണ്ടെത്തിയ ചില രേഖകളാണ് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്. ബാങ്കിലൂടെ അല്ലാതെ നേരിട്ടാണ് പണം നല്‍കിയതെന്നും ഇഡി പറയുന്നു. ഫൈസി നിയമ വിരുദ്ധമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്നും ഇഡി ആരോപിക്കുന്നു. പിഎഫ്‌ഐയുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ 61.72 കോടിയുടെ സ്വത്ത് കണ്ടെത്തിയെന്ന് ഇഡി അറിയിച്ചു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി ഇന്ത്യയില്‍ ഇസ്മാമിക ഭരണം നടപ്പാക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടിയാണ് നേരത്തെ കേന്ദ്രം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. എന്നാല്‍ ഇഡി ആരോപണം വഫഖ് ബില്ലിനെതിരെ പാര്‍ട്ടി നടത്തുന്ന പ്രതിഷേധങ്ങളുടെ പകപ്പോക്കലാണെന്ന് എസ്ഡിപിഐ നേതൃത്വം പ്രതികരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like