ദുബായ്: ദുബായില് സിഐഡി (ക്രിമിനല് ഇന്വെസ്റ്റിഗേഷന് വിഭാഗം) ഉദ്യോഗസ്ഥര് ചമഞ്ഞ് വ്യാപാരിയില് നിന്ന് 10 ദശലക്ഷം ദിര്ഹം തട്ടിയെടുത്ത 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യന് വംശജരായ എസ്.എം.അഹമദ് (35), എ.എ. യൂസഫ് എന്നിവരാണ് അറസ്റ്റിലായത്. സിഐഡിയാണെന്ന് സ്വയം പരിചയപ്പെടുത്തി ദെയ്റ നായിഫിലെ ട്രേഡിങ് കമ്പനിയില് പ്രവേശിച്ചാണ് പ്രതികള് തട്ടിപ്പ് നടത്തിയത്. കമ്പനിയിലെ ജീവനക്കാരെ കെട്ടിയിട്ട് ജനറല് മാനേജറുടെ ഓഫിസിലെ അലമാരയില് നിന്ന് പണം അപഹരിച്ച് രണ്ടു പ്രതികളും രക്ഷപ്പെടുകയായിരുന്നു. സ്വന്തം രാജ്യത്തേക്ക് പണം അയയ്ക്കാന് ഇരുവരും എത്തിയപ്പോഴാണ് അധികൃതരുടെ പിടിയിലായത്.
വ്യാജ സിഐഡി തിരിച്ചറിയല് കാര്ഡ് കാണിച്ചാണ് പ്രതികള് കമ്പനിക്ക് അകത്ത് കയറിയത്. തിരിച്ചറിയല് കാര്ഡ് കണ്ടപ്പോള് ജീവനക്കാര് പെട്ടെന്ന് തന്നെ അകത്തേയ്ക്ക് പ്രവേശനം നല്കുകയായിരുന്നു. പിന്നീട് ഇരുവരും ചേര്ന്ന് ജീവനക്കാരെ കെട്ടിയിടുകയും അവരുടെ മൊബൈല് ഫോണുകള് പിടിച്ചെടുക്കുകയും ചെയ്തു. ജീവനക്കാരെയെല്ലാം വ്യത്യസ്ത ഓഫിസുകളിലാണ് തടഞ്ഞുവച്ചത്. തുടര്ന്ന് ജനറല് മാനേജരുടെ ഓഫിസിലെ സേഫില് സൂക്ഷിച്ചുവച്ചിരുന്ന പണം കൈക്കലാക്കി.
അതേസമയം കെട്ടഴിച്ച് സ്വയം മോചിതരായ ജീവനക്കാര് തന്നെയാണ് ഉടന് ദുബായ് പൊലീസിനെ വിവരം അറിയിച്ചത്. നായിഫ് പൊലീസ് സ്റ്റേഷനിലെ സിഐഡിമാര് ഉടന് തന്നെ സംഭവ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പ്രതികളുടെ വിരലടയാളം ശേഖരിക്കുകയും സിസിടിവി ദൃശ്യങ്ങള് പരിശോധിക്കുകയും ചെയ്തു. കൂടാതെ, സാക്ഷികളില് നിന്ന് വിവരങ്ങള് ശേഖരിച്ചു. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില് നടത്തിയ ഊര്ജിത അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. പണം സ്വന്തം രാജ്യത്തേയ്ക്ക് അയച്ച് രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെ ഇരുവരും പിടിയലാകുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലില് സേഫില് സൂക്ഷിച്ചിരിക്കുന്ന പണത്തെക്കുറിച്ച് സൂചന നല്കിയത് കമ്പനിയിലെ തന്നെ ജീവനക്കാരനാണെന്നാണ് പ്രതികള് പോലീസിനോട് വെളിപ്പെടുത്തി. അയാളുമായി ചേര്ന്നാണ് കവര്ച്ച ആസൂത്രണം ചെയ്തത്. കള്ളപ്പണം വെളുപ്പിക്കുന്നതില് കമ്പനിക്ക് പങ്കുണ്ടെന്നും അത് കവര്ച്ച ചെയ്താല് മാനേജര് പോലീസില് അറിയിക്കില്ലെന്നും ജീവനക്കാരന് ഉറപ്പുനല്കി. ഈ ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല് അന്വേഷണത്തിനും നിയമനടപടികള്ക്കുമായി കേസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. മോഷ്ടിച്ച തുക കമ്പനിക്ക് തിരികെ നല്കാനുള്ള നടപടികള് പുരോഗമിക്കുകയാണ്.
കൂടുതല് വാര്ത്തകള്ക്കും തൊഴില് അവസരങ്ങള്ക്കും ഗള്ഫ് വാര്ത്തകള് ഗ്രൂപ്പില് ജോയിന് ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്ഫ് വാര്ത്തകള് വാട്സ്ആപ്പ് ചാനല് ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
