കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പിസി ജോര്‍ജ്ജിനെ റിമാന്‍ഡ് ചെയ്തു. ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേയ്ക്കാണ് പിസി ജോര്‍ജിനെ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. കേസില്‍ ഇന്ന് രാവിലെയാണ് പി സി ജോര്‍ജ് കോടതിയില്‍ കീഴടങ്ങിയത്. ഇന്ന് വൈകിട്ട് ആറ് മണി വരെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.
ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാന്‍ രണ്ട് ദിവസത്തെ സാവകാശം പിസി ജോര്‍ജ് തേടിയിരുന്നു. ചോദ്യം ചെയ്യലിന് ഇന്ന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി പി സി ജോര്‍ജ് കീഴടങ്ങുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോള്‍ പി.സി ജോര്‍ജിനെതിരെ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോര്‍ട്ട് അടക്കം പൊലീസ് സമര്‍പ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോര്‍ജ്ജിനെ കസ്റ്റഡിയില്‍ വിടുകയും ശേഷം റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
