മസ്‌കത്ത്: ഒമാന്‍ ഇന്ത്യന്‍ എംബസിയില്‍ കോണ്‍സുലര്‍, പാസ്പോര്‍ട്ട് & വിസ (സി.പി.വി) സേവനങ്ങള്‍ ഔട്ട്സോഴ്സിംഗ് നല്‍കുവാനുള്ള പുതിയ ടെണ്ടര്‍ വിളിച്ചു. എംബസിയില്‍ സിപിവി സേവനങ്ങളുടെ ഔട്ട്സോഴ്സിംഗിനായി ധാരാളം മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ടെണ്ടര്‍. റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസലില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് യോഗ്യരായ ബിഡ്ഡര്‍മാരില്‍ നിന്ന് ടെന്‍ഡറുകള്‍ ക്ഷണിക്കുന്നതായി ഇന്ത്യന്‍ എംബസി ചാന്‍സറി മേധാവി പ്രദീപ് കുമാര്‍ അറിയിച്ചു. ഫെബ്രുവരി നാലിനാണ് ടെണ്ടര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. താല്‍പ്പര്യമുള്ള കമ്പനികള്‍ക്ക് അവരുടെ ടെന്‍ഡറുകള്‍ മൂന്ന് ബിഡ് സിസ്റ്റങ്ങളിലായി മാര്‍ച്ച് 5ന് മുന്‍പായി ഇന്ത്യന്‍ എംബസിയില്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
എംബസിയുടെ അധികാര പരിധിയില്‍ സിപിവി സേവനങ്ങള്‍ക്കായി മസ്‌കത്ത്, സലാല, സോഹാര്‍, സൂര്‍, നിസ്വ, ദുഖം, ഇബ്രി, ഇബ്ര, ബുറൈമി, ഖസബ്, ബര്‍ക എന്നിവിടങ്ങളില്‍ 11 ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്ററുകളാണ് പുതിയ ടെണ്ടറില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളോടെ അറിയപ്പെടുന്ന വാണിജ്യ സമുച്ചയങ്ങളിലായിരിക്കണം പുതിയ സെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്. വിവിധ തസ്തികളിലായി എഴുപത്തി നാല് ജീവനക്കാരും ബാക്ക് ഏന്‍ഡ് ഓഫീസ് ജീവനക്കാരായി ഇരുപത്തിരണ്ട് പേരും വി.ഐ.പികളുടെ സേവനത്തിനായി എംബസിയില്‍ രണ്ടു ജീവനക്കാരും ഉള്‍പ്പെടെ 98 ജീവനക്കാര്‍ പുതിയ ടെണ്ടര്‍ പ്രകാരം ഉണ്ടാകും. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ടെണ്ടര്‍ പ്രകാരം ഐ.സി.എ.സിയില്‍ പ്രോസസ്സ് ചെയ്യുന്ന ഓരോ അപേക്ഷയ്ക്കും 30 മിനിറ്റ് സമയം നിലനിര്‍ത്തേണ്ടതാണ്. ഒരു അപേക്ഷകന്‍ ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്ററില്‍ എത്തിയാല്‍ 30 മിനിറ്റിനുള്ളില്‍ സേവനം പൂര്‍ത്തിയാക്കി മടങ്ങാന്‍ സാധിക്കണം എന്നതാണ് പുതിയ ടെണ്ടറില്‍ കൃത്യമാക്കിയിരിക്കുന്നത്. അധിക ചെലവുകള്‍ കണക്കാക്കിയായിരിക്കണം പുതിയ ടെണ്ടര്‍ സമര്‍പ്പിക്കേണ്ടതെന്നും പ്രൊപ്പോസലില്‍ പറയുന്നു.
ഒരു മാസം 98 ജീവനക്കാര്‍ക്കുള്ള ശമ്പളം, ജീവനക്കാരുടെ അനുബന്ധ ചെലവുകള്‍ പുറമെ മറ്റ് ചെലവുകള്‍, ബാങ്ക് ഗ്യാരണ്ടികള്‍ക്കുള്ള ബാങ്ക് നിരക്കുകള്‍ എന്നിവയെല്ലാം ചെലവില്‍ ഉള്‍പ്പെടും. ഇതെല്ലം സേവനത്തിനായി എത്തുന്ന പ്രവാസികളാണ് നല്‍കേണ്ടത്. ഫോട്ടോകോപ്പി എടുക്കല്‍, ഫോട്ടോഗ്രാഫുകള്‍, ഫോം പൂരിപ്പിക്കല്‍, കൊറിയര്‍ സേവനങ്ങള്‍ ഇതെല്ലം ഉള്‍പ്പെടുമ്പോള്‍ ഒരു വലിയ തുക സേവന ഫീസ് ആയി ഓരോ അപേക്ഷകരും നല്‍കേണ്ടി വരും. എന്നാല്‍, എംബസിയില്‍ എത്തുന്ന വിഐപിക്ക് എംബസി നിര്‍ദ്ദേശിക്കുന്ന പ്രത്യേക അപേക്ഷകരുടെ ഫീസുകള്‍ പുറമെയുള്ള 11 ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്ററുകളില്‍ നിലനില്‍ക്കുന്ന ഫീസ് മാത്രം നല്‍കിയാല്‍ മതിയാകും.
ഇപ്പോള്‍ നിലവില്‍ ഒരു പാസ്‌പോര്‍ട്ട് പുതുക്കാന്‍ 29.400 റിയാല്‍ എംബസി ഫീസും 0.450 ബൈസ സര്‍വീസ് ചാര്‍ജുമാണ് നല്‍കേണ്ടത്. കൊറിയര്‍, ഫോം പൂരിപ്പിക്കല്‍, ഫോട്ടോ, ഫോട്ടോകോപ്പി, എസ് എം എസ് എന്നിവയ്ക്ക് 7 റിയാല്‍ അഞ്ഞൂറ് ബൈസ ഓപ്ഷണല്‍ ആയിരുന്നു. എന്നാല്‍, ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ടെണ്ടര്‍ പ്രകാരം ഓപ്ഷണല്‍ ആയി നല്‍കിയിരുന്ന എല്ലാ സേവനങ്ങളും നിര്‍ബന്ധമായും പുതിയ ടെണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
