കൊടുങ്ങല്ലൂർ: ഫേസ്ബുക്കിലൂടെ പ്രവാസി യുവതി ആണെന്നു തെറ്റിദ്ധരിപ്പിച്ചു എറിയാട് സ്വദേശിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കോഴിക്കോട് ആവള മന്നമാൾ സ്വദേശി ലത്തീഫിനെ (44) സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ 22 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
‘നദീറാ ഷാൻ’ എന്ന പേരിൽ ഫെയ്സ്ബുക്കിലൂടെയാണ് ലത്തീഫ് തട്ടിപ്പിനിരയായ അബ്ദുൽ റഹ്മാനെ പരിചയപ്പെട്ടത്. തന്റെ 11 വയസ്സുളള മകൾ രക്താർബുദം മൂലം ചികിത്സയിലാണെന്നു തെറ്റിദ്ധരിപ്പിച്ചു ആദ്യം 15 ലക്ഷം രൂപ തട്ടിയെടുത്തു. പിന്നീട്, അനുജത്തിയുടെ ഭർത്താവിന്റെ കാൻസർ ചികിത്സയ്ക്കെന്ന പേരിൽ എട്ടു ലക്ഷം രൂപയും പല തവണയായി കൈക്കലാക്കി. വിവിധ പേരുകളിൽ വിളിച്ചു വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.
പണം തിരികെ ചോദിച്ചപ്പോൾ ലഭിച്ചില്ല. ഇതോടെ അബ്ദുൽ റഹ്മാൻ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കോഴിക്കോട് കുറ്റ്യാടി, മേപ്പയൂർ പോലീസ് സ്റ്റേഷനുകളിൽ 4 ക്രിമിനൽ കേസിലെ പ്രതിയാണ് ലത്തീഫ് എന്ന് പോലീസ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
