റിയാദ്: സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം വീണ്ടും നീളും. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുകയാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീം. അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നും തീരുമാനമായില്ല. ആറാം തവണയും റിയാദ് കോടതി കേസ് മാറ്റിവെച്ചു. ഇന്ന് രാവിലെ എട്ടിന് റിയാദ് ക്രിമിനല്‍ കോടതിയില്‍ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടെങ്കിലും കേസ് വീണ്ടും മാറ്റിവെച്ചു.
ഓണ്‍ലൈന്‍ സിറ്റിംഗില്‍ ജയിലില്‍ നിന്ന് റഹീമും ഹാജരായിരുന്നു. കൂടാതെ റഹീമിന്റെ അഭിഭാഷക സംഘവും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കാഞ്ചേരിയും സഹായ സമിതി സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. പ്രോസിക്യൂഷന്റെ വാദം കേള്‍ക്കലും പ്രതിഭാഗത്തിന്റെ മറുപടി പറച്ചിലുമായി ഒരു മണിക്കൂറിലേറെ സിറ്റിംഗ് നീണ്ടപ്പോള്‍ നടപടികള്‍ ഒരു തീര്‍പ്പിലെത്തും എന്നായിരുന്നു പ്രതീക്ഷകള്‍. എന്നാല്‍, കേസ് വീണ്ടും മാറ്റിവയ്ക്കുന്നു എന്ന അറിയിപ്പാണ് കോടതി നല്‍കിയത്. കേസ് ഇനി പരിഗണിക്കുന്ന തീയതി ഉടന്‍ അറിയാനാകും.
സൗദി അറേബ്യയില്‍ സ്വദേശി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ റദ്ദാക്കി ആറ് മാസമായിട്ടും റിയാദ് ജയിലില്‍ തുടരുകയാണ് റഹീം. സൗദി പൗരന്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ശഹ്‌റിയുടെ 15 വയസ്സുകാരനായ മകന്‍ മരിച്ച കേസില്‍ 2006 ഡിസംബര്‍ 26നാണ് റഹീം ജയിലില്‍ അടയ്ക്കപ്പെട്ടത്. 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നല്‍കിയതോടെ കഴിഞ്ഞ ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. തടവ് അടക്കമുള്ള ശിക്ഷകളിലും ഇളവ് ലഭിച്ചാലേ റഹീമിന് ജയില്‍ മോചിതനാകാനാവൂ.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുകhttps://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
