റിയാദ്: ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഇരു രാജ്യങ്ങളിലെയും മന്ത്രിമാര്‍ ഒപ്പുവെച്ചു. ജിദ്ദയില്‍ നടന്ന ചടങ്ങില്‍ സൗദി ഹജ്ജ്, ഉംറ കാര്യ വകുപ്പ് മന്ത്രി തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബീഅ, ഇന്ത്യന്‍ പാര്‍ലിമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു എന്നിവര്‍ കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ ഖാന്‍, ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ഹജ്ജ് കോണ്‍സുല്‍ അബ്ദുല്‍ ജലീല്‍, ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യക്കായി നേരത്തെ അനുവദിച്ച ഹജ്ജ് ക്വാട്ടയായ 1,75,025 തീര്‍ത്ഥാടകര്‍ എന്നത് തന്നെയാണ് ഈ വര്‍ഷവും അനുവദിച്ചിരിക്കുന്നത്. അനുവദിച്ച ക്വാട്ടയില്‍ മാറ്റമില്ല. 10,000 അധിക ക്വാട്ട ഇന്ത്യ ആവശ്യപ്പെടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇന്ന് മുതല്‍ നാല് ദിവസങ്ങളിലായി ജിദ്ദ സൂപ്പര്‍ ഡോമില്‍ നടക്കുന്ന ഹജ്ജ്, ഉംറ എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സ് പരിപാടികളിലും മന്ത്രി കിരണ്‍ റിജിജു പങ്കെടുക്കും. ഇന്ത്യന്‍ തീര്‍ത്ഥാടകരെ സ്വീകരിക്കാനായി ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ ഒരുക്കുന്ന ഹജ്ജ് മിഷന്‍ ഓഫീസ് അടക്കമുള്ള സൗകര്യങ്ങള്‍ മന്ത്രി സന്ദര്‍ശിക്കും. ജിദ്ദ വിമാനത്താവളത്തില്‍ നിന്നും മക്കയിലേക്ക് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കുള്ള ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രി പരിശോധിക്കും. മക്ക മേഖല ഗവര്‍ണറും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവുമായ പ്രിന്‍സ് ഖാലിദ് അല്‍ഫൈസല്‍, മദീന ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ സല്‍മാന്‍ എന്നിവരെയും മന്ത്രി കിരണ്‍ റിജിജു സന്ദര്‍ശിക്കും. മദീനയില്‍ മസ്ജിദു ഖുബ, മസ്ജിദ് ഖിബ്ലതൈന്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
