ദോഹ: ഖത്തറിലെ ഇന്ത്യൻ വിദ്യാലയമായ ബിർള പബ്ലിക് സ്കൂളിലും ഡബിൾ ഷിഫ്റ്റ് ക്ലാസുകൾ ആരംഭിക്കുന്നു. ജനുവരി 15 മുതൽ രണ്ട് ഷിഫ്റ്റുകളിലായി സ്കൂൾ പ്രവർത്തിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്ക് അനുസൃതമായാണ് ഡബിൾ-ഷിഫ്റ്റ് രീതി സ്വീകരിക്കുന്നത്. ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം നിർദേശിക്കുന്ന സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതിനും ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനമെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
കെജി വൺ, ഗ്രേഡ് ഒന്ന്, ഗ്രേഡ് 5 ക്ലാസുകളാണ് രണ്ടാം ഷിഫ്റ്റിൽ പ്രവർത്തിക്കുക. കെജി വൺ ക്ലാസുകൾ രാവിലെ 11.30 മുതൽ 3.30 വരെയും ഒന്ന്, അഞ്ച് ക്ലാസുകൾ ഉച്ചയ്ക്കുശേഷം ഒരു മണി മുതൽ ആറുമണിവരെയും പ്രവർത്തിക്കും. സ്കൂളിന്റെ മെയിൻ ക്യാംപസിൽ ആയിരിക്കും ഈ മൂന്ന് ക്ലാസുകളും നടക്കുക. ഏതാണ്ട് 1500 ഓളം വിദ്യാർഥികളെ ഈ മാറ്റം ബാധിക്കും. അതേസമയം ബാക്കി മുഴുവൻ ക്ലാസുകളും സാധാരണ നിലയിൽ മോണിങ് ഷിഫ്റ്റിൽ തന്നെ പ്രവർത്തിക്കും.
ഏഴായിരത്തിൽപരം വിദ്യാർത്ഥികളാണ് നിലവിൽ ബിർള പബ്ലിക് സ്കൂളിൽ പഠനം നടത്തുന്നത്. മന്ത്രാലയത്തിന്റെ സുരക്ഷാ നിർദേശം അനുസരിച്ച് മുഴുവൻ കുട്ടികൾക്കും ഒരേ സമയം സ്കൂളിൽ പഠനം നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് മൂന്ന് ക്ലാസുകൾ ഷിഫ്റ്റ് സമ്പ്രദായത്തിലേക്ക് മാറ്റുന്നത്. അതേസമയം ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് സമ്പ്രദായം ജോലിക്ക് പോകുന്ന മാതാപിതാക്കളുടെ കുടുംബത്തെ പ്രതികൂലമായി ബാധിക്കും. ഈ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന ആലോചനയിലാണ് രക്ഷിതാക്കൾ.
എന്നാൽ സെക്കൻഡ് ഷിഫ്റ്റിലാണെങ്കിലും കുട്ടികൾക്ക് വിദ്യാലയത്തിൽ തുടർ പഠനം നടത്താൻ സാധിക്കുന്നു എന്നത്, സ്കൂൾ സീറ്റിനായി രക്ഷിതാക്കൾ നെട്ടോട്ടമോടുന്ന ഖത്തറിൽ ഏറെ ആശ്വാസകരമാണ്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
